സംഗീത വിദേശത്ത്, വിജയ്‌യും തൃഷയും പ്രണയത്തിലോ?; വെളിപ്പെടുത്തി നടന്റെ കുടുംബസുഹൃത്ത്
അടുത്തിടെയായി സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാ വിഷയമാണ് നടൻ വിജയ്‌യും നടി തൃഷയും. ഇരുവരും തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകൾ. കഴിഞ്ഞവർഷം നോർവെയിൽ ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ഗോസിപ്പുകൾക്ക് ശക്തി പകർന്നിരുന്നു. ഗോവയിൽ വച്ച് നടന്ന നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് ഒരു സ്വകാര്യ വിമാനത്തിലാണ് പോയത്. ഇതും വലിയ ചർച്ചയായി.
ഇതിനിടെ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിൽ പിരിഞ്ഞെന്നും ചില ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. ഏറെക്കാലമായി വിജയ്‌യുടെ സിനിമാ മ്യൂസിക് ലോഞ്ചിന് പോലും സംഗീത വരാറില്ല. വിജയ് രാഷ്ട്രീയ പ്രവേശനം നേടിയ സമയത്ത് പോലും പൊതുവേദിയിൽ സംഗീത ഉണ്ടായിരുന്നില്ല. ഇത് വേർപിരിഞ്ഞ വാർത്തകൾക്ക് കൂടുതൽ ആക്കം കൂട്ടി. മകൾക്കൊപ്പം സംഗീത ലണ്ടനിലാണ് താമസിക്കുന്നതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ഇപ്പോഴിതാ ഈ വിഷയത്തിൽ വിജയ്‌യുടെ കുടുംബസുഹൃത്തും എഎൽഎസ് നിർമ്മാണ കമ്പനിയുടെ അംഗമായ ജയന്തി കണ്ണപ്പൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
'വിജയ് അങ്ങനെയൊരു ആളല്ല. അദ്ദേഹം ഭാര്യയെയും മക്കളെയും ഉപേക്ഷിക്കുന്ന കൂട്ടത്തിലല്ല. രണ്ടുപേരും പഠിച്ചവരും ലോകം കണ്ടവരുമാണ്. എന്റെ മകന്റെ വിവാഹത്തിന് ഇരുവരും വന്നിരുന്നു. മകനെ അനുഗ്രഹിച്ചു. മകൾ പഠിക്കുന്നത് വിദേശത്ത് ആയതിനാൽ സംഗീത അവൾക്കൊപ്പമാണ്. ഇടയ്ക്ക് ചെന്നെെയിൽ സംഗീത വരാറുണ്ട്. തൃഷയുടെയും വിജയ്‌യുടെയും കുറിച്ചുള്ള വാർത്ത എന്നെ സംബന്ധിച്ച് വലിയ വിഷയമല്ല. തൃഷയും വിജയ്‌യും പ്രശസ്തരായ താരങ്ങളാണ്. ഇരുവർക്കും തിരക്കുപിടിച്ച ജീവിതമാണ്. ഒന്നിച്ചുജോലി ചെയ്യുന്നവരാണ്. കീർത്തിയുടെ വിവാഹത്തിന് ഒരേ മേഖലയിൽ ജോലി ചെയ്ത രണ്ടുപേർ പങ്കെടുത്തു. ഞാൻ അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ.'- ജയന്തി കണ്ണപ്പൻ പറഞ്ഞു.