സെൻസർ ബോർഡും സെൻസിബിലിറ്റിയും

Thursday 26 June 2025 3:02 AM IST

ഇന്ത്യയിൽ കോടികൾ മുടക്കുമുതലുള്ള ഒരു വൻ വിനോദ വ്യവസായമാണ് സിനിമ. വലിയ താരങ്ങൾ മുതൽ ലൈറ്റ് ബോയി വരെ നീളുന്ന പതിനായിരങ്ങൾ സിനിമയെ പ്രത്യക്ഷത്തിൽ ആശ്ര‌യിച്ച് ജീവിക്കുന്നു. പരോക്ഷമായും സിനിമ മറ്റനേകം പേർക്ക് ജീവിതോപാധിയാണ്. അതിനപ്പുറം കലാമൂല്യമുള്ള ചിത്രങ്ങൾ മനുഷ്യമനസുകളെ സന്തോഷിപ്പിക്കാനും ഒരു വലിയ പരിധി വരെ വിമലീകരിക്കാനും ഉതകുന്നതുമാണ്. സിനിമകളും താരങ്ങളുടെ ജീവിതരീതികളും അവരുടെ ഫാഷൻ ഭ്രമവുമൊക്കെ ഏറിയും കുറഞ്ഞും സമൂഹത്തിൽ സ്വാധീനങ്ങൾ ചെലുത്താറുമുണ്ട്. എല്ലാ കലാരൂപങ്ങളും ഉൾക്കൊള്ളിക്കാനും അനുഭവിപ്പിക്കാനും കഴിയുന്ന ഒരേയൊരു മാദ്ധ്യമമെന്ന നിലയിൽ സിനിമയുടെ പ്രസക്തി സമൂഹത്തിൽ കൂടിവരികയാണ് ചെയ്യുന്നത്.

ജീവിത കഥകളിൽ നിന്നാണ് സിനിമ രൂപംകൊള്ളുന്നതെങ്കിലും പലപ്പോഴും കൊമേഴ്സ്യൽ സിനിമകൾക്ക് യഥാർത്ഥ ജീവിതവുമായി പുലബന്ധം പോലും ഉണ്ടാകണമെന്നില്ല. ഇന്ത്യയിലെ ശരാശരി പ്രേക്ഷകൻ അവന്റെ ജീവിതപ്രാരാബ്ധങ്ങൾ മറന്ന് ഭ്രമാത്മകമായ മറ്റൊരു ലോകത്തിൽ മുഴുകി ആഹ്ലാദിക്കുവാനും വിനോദിക്കുവാനുമായാണ് സിനിമ കാണുവാൻ പോകുന്നത്. എന്നാൽ കലാമൂല്യത്തിന് പ്രാധാന്യം നൽകുന്ന സിനിമകൾ മനുഷ്യബന്ധങ്ങളുടെ ആഴങ്ങളും കുടിലതകളും സമൂഹത്തിലെ അനീതികളും മറ്റും തുറന്നുകാട്ടാനുള്ള മാദ്ധ്യമമായും സിനിമയെ ഉപയോഗിക്കുന്നു. അങ്ങനെ വിവിധ ശ്രേണികളിലുള്ള എല്ലാത്തരം സിനിമകളും ഇവിടെ പിറന്നുവീഴാറുണ്ട്. ഓരോ രാജ്യത്തിന്റെയും ധാർമ്മിക കാഴ്ചപ്പാടിന് അനുസൃതമായി ചില നിയന്ത്രണങ്ങൾ സിനിമയ്ക്കും ആവശ്യമാണ് എന്ന ഭരണകൂടത്തിന്റെ ചിന്തയിൽ നിന്നാണ് സെൻസർ ബോർഡുകൾ പോലുള്ള സ്ഥാപനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പൊതുസമൂഹത്തിനു മുന്നിൽ ഒരു സിനിമ അവതരിപ്പിക്കാമെന്ന സർട്ടിഫിക്കറ്റ് നൽകുന്നത് സെൻസർ ബോർഡാണ്. പൊതുസമൂഹത്തിന് ദോഷം വരുത്തുമെന്ന് തോന്നുന്ന ചില രംഗങ്ങൾ ഒഴിവാക്കാനും അവർ ആവശ്യപ്പെട്ടേക്കാം. അമിതമായ അശ്ളീല രംഗങ്ങളും മറ്റും വിദേശ സിനിമകളിൽ ഉള്ളതുപോലെ കാണിക്കാൻ ഇന്ത്യൻ സെൻസർ ബോർഡ് അനുവദിക്കാറില്ല. പ്രായപൂർത്തിയാകാത്തവർ കാണാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളോടെ പ്രത്യേക പട്ടികയിൽപ്പെടുത്തിയും ചിത്രങ്ങൾക്ക് അനുമതി നൽകാറുണ്ട്. എന്നാൽ നമ്മുടെ പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ സിനിമയിലെ കഥാപാത്രങ്ങൾക്ക് നൽകാൻ പാടില്ലെന്ന് ഇതുവരെ സെൻസർ ബോർഡ് പറഞ്ഞിട്ടില്ലായിരുന്നെങ്കിലും ഇപ്പോൾ അതും സംഭവിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നായകനായി അഭിനയിച്ച സിനിമ 'ജെ.എസ്.കെ - ജാനകി Vs സ്റ്റേറ്റ് ഒഫ് കേരള"യ്ക്ക് പ്രദർശനാനുമതി കേന്ദ്ര ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ നിഷേധിച്ചിരിക്കുന്നത് വിചിത്രമായ ഒരു ന്യായം പറഞ്ഞാണ്. സീതാദേവിയുടെ മറ്റൊരു പേരാണ് ജാനകിയെന്നും ചിത്രത്തിൽ ഇതേ പേരുള്ള കഥാപാത്രം അപകീർത്തികരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നതിനാൽ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നുമാണ് ബോർഡിന്റെ വിലയിരുത്തലെന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹിന്ദു ദേവീസങ്കൽപ്പങ്ങളുടെ പേരുകളും അതിന്റെ പര്യായപദങ്ങളുമാണ് ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദു വനിതകളുടെയും പേരുകൾ. അങ്ങനെ വരുമ്പോൾ അപകീർത്തികരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രത്തിനും ഹിന്ദു നാമം നൽകാൻ കഴിയാത്ത സ്ഥിതിയാകില്ലേ? പഴയ കാലത്ത് പിന്നാക്ക, ദളിത് വിഭാഗങ്ങളിലുള്ളവർക്ക് ഹിന്ദു ദൈവങ്ങളുടെ പേരിടാൻ അന്നത്തെ ജന്മിത്വ ഭരണകൂടങ്ങൾ അനുവദിക്കില്ലായിരുന്നു. അങ്ങനെ വരുമ്പോൾ പേരിലും ഒരു രാഷ്ട്രീയമുണ്ടെന്ന് പറയേണ്ടിവരും. സിനിമയെ സിനിമയായാണ് കാണേണ്ടത്. അതിനെ പുരാണ കഥാപാത്രവുമായും മറ്റും ബന്ധപ്പെടുത്തി ഇതിഹാസ പുരാണങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്,​ സെൻസിബിലിറ്റി ഇല്ലായ്മയാണ്. നിർമ്മാതാക്കൾ കോടതിയെ സമീപിക്കുമെന്നാണ് പറയുന്നത്. കോടതിയിൽ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.