അനധികൃതമായി തേക്ക്തടി കടത്തിയയാൾ പിടിയിൽ

Thursday 26 June 2025 2:07 AM IST

പാലോട്: വ്യാജ കടത്ത് പാസോടെ ലോറിയിൽ കടത്താൻ ശ്രമിച്ച തേക്ക് തടികളുമായി ലോറിയും ഡ്രൈവറെയും പാലോട് റേഞ്ച് ഓഫീസറും സംഘവും പിടികൂടി.വെഞ്ഞാറമൂട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് KL - 59 E1904 നമ്പർ ലോറി, ഡ്രൈവർ രാജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. വനം റെയ്ഞ്ചുകളിൽ നിന്നും ഒറ്റത്തവണ തടി കൊണ്ടു പോകാൻ ലഭിക്കുന്ന പാസ് ഉപയോഗിച്ച് നിരവധി തവണ വിവിധ സ്ഥലങ്ങളിൽ നിന്നും തടി കടത്തുന്നതിൽ ഒരു സംഘമാണ് പിടിയിലായത്. മുണ്ടക്കയത്ത് നിന്നും വെള്ളറടയിലേക്ക് തടി എത്തിക്കാനായി എരുമേലി റേഞ്ചിൽ നിന്നും ലഭിച്ച പാസ് ഉപയോഗിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും ശേഖരിച്ച തടി നാഗർകോവിലിലെത്തിച്ച് വില്പന നടത്തുന്ന സംഘങ്ങളിലൊന്നാണിത്. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,എസ്.എഫ്.ഒ വിനിത,ബി.എഫ്.ഒമാരായ അഭിമന്യു,രാജേഷ് എന്നിവരടങ്ങിയ സംഘമാണ് വാഹനവും തടിയും പിടികൂടിയത്.