മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം 3 മാസത്തിനുള്ളിൽ ആരംഭിക്കണം: ഹൈക്കോടതി
ആലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം മൂന്നുമാസത്തിനുള്ളിൽ ആരംഭിക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുമ്പ് പൊളിച്ച മതിൽ നിർമ്മിക്കാത്തതുമായി ബന്ധപ്പെട്ട് കോളേജിലെ ആറ് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ച് ഉത്തരവിട്ടത്.
കേസിൽ ദേശീയ പാത അതോറിട്ടിക്ക് ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇനി ഒന്നും ചെയ്യാനില്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചു. ചുറ്റുമതിലിന്റെ നഷ്ടപരിഹാരമായി 33.5 ലക്ഷം രൂപ നൽകിയിരുന്നു. തുടർന്നാണ് മൂന്നുമാസത്തിനുള്ളിൽ മതിൽ നിർമ്മാണ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിക്കണമെന്ന് കോടതി നിർദ്ദേശിച്ചത്. എസ്റ്റിമേറ്റ് പ്രകാരം ഒരുകോടിയിലധികം രൂപ ചെലവാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
കോടതി വിധി ഏറെ ആശ്വാസം നൽകുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകണമെന്നും
മെഡിക്കൽ കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി വാണിയപ്പുരയ്ക്കൽ പറഞ്ഞു.