റിങ്കു സിംഗ്-പ്രിയ സരോജ് വിവാഹം നവംബർ 19നില്ല, മാറ്റിവച്ചതായി റിപ്പോർട്ട്

Wednesday 25 June 2025 9:40 PM IST

ലക്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗും സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജുമായുള്ള വിവാഹനിശ്ചയത്തിന്റെ വാർ‌ത്ത മുൻപ് ശ്രദ്ധ നേടിയിരുന്നു. നവംബർ 19നാണ് ഇവരുടെ വിവാഹ തീയതി നിശ്ചയിച്ചിരുന്നത്.എന്നാലിപ്പോഴിതാ ആ ദിവസം വിവാഹം നടക്കില്ലെന്നും വിവാഹം നീട്ടിവച്ചെന്നുമാണ് റിപ്പോർട്ടുകൾ. വാരണാസിയിൽ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് റിങ്കുവോ പ്രിയയോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

എന്നാൽ പുതുക്കിയ തീയതി എന്നാണെന്ന് വ്യക്തമായിട്ടില്ല. വിവാഹം നീട്ടിവച്ചെന്ന് പ്രിയ സരോജിന്റെ പിതാവും സമാജ്‌വാദി പാർട്ടി എംഎൽഎയുമായ തുഫാനി സരോജ് ചില പ്രാദേശിക ചാനലുകളോട് പറഞ്ഞതായി വിവരമുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിലടക്കം റിങ്കുവിന് പങ്കെടുക്കേണ്ടി വരുമെന്നതിനാലാണിതെന്നാണ് സൂചന. നവംബർ മാസത്തിൽ ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. ഒക്‌ടോബർ 19 മുതൽ നവംബർ എട്ട് വരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും നടക്കും. പിന്നാലെ നവംബർ 14 മുതൽ ടെസ്റ്റും ഉണ്ടാകും. ഈ മാസം ആദ്യം ലക്‌നൗവിൽ വച്ചാണ് റിങ്കു സിംഗിന്റെയും പ്രിയ സരോജ് എംപിയുടെയും വിവാഹനിശ്ചയം നടന്നത്.