മണ്ണെണ്ണ വിതരണത്തിലും വേണം വാതിൽപ്പടി സേവനം

Thursday 26 June 2025 12:49 AM IST

ആലപ്പുഴ: ജില്ലയിൽ മണ്ണെണ്ണ വിതരണത്തിലും വാതിൽപ്പടി സേവനം നടപ്പിലാക്കണമെന്ന റേഷൻ വ്യാപാരികളുടെ ആവശ്യം ശക്തമാകുന്നു. കാർത്തികപ്പള്ളി, അമ്പലപ്പുഴ,​ ചേർത്തല താലൂക്കുകളിൽ മാത്രമാണ് ജില്ലയിൽ മണ്ണെണ്ണ ഡിപ്പോയുള്ളത്. മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ഡിപ്പോയില്ലാത്തത് കാരണം ഇവിടെ നിന്നുള്ള വ്യാപാരികൾ മറ്റ് താലൂക്കുകളിലെത്തിയാണ് മണ്ണെണ്ണയെടുക്കുന്നത്. ഇത്തരത്തിൽ കിലോമീറ്ററുകൾ വണ്ടിയോടിച്ച് മണ്ണെണ്ണയെടുക്കുന്നത് വലിയ നഷ്ടത്തിന് കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു. ഡിപ്പോകളിൽ നിന്ന് മണ്ണെണ്ണ എടുക്കുന്നതിനുള്ള ചെലവും വിതരണം ചെയ്യുന്നതിലെ ലാഭവുമടക്കം ആറു രൂപ മാത്രമാണ് കമ്മിഷനായി കിട്ടുന്നത്.

ഈ സാഹചര്യത്തിലാണ് മണ്ണെണ്ണ വാതിൽപ്പടിയായി നൽകണമെന്ന ആവശ്യം ശക്തമായത്. പാലക്കാട് അടക്കമുള്ള ജില്ലകളിൽ മണ്ണെണ്ണ വാതിൽപ്പടിയായി നൽകുന്നുണ്ട്. സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷമാണ് മണ്ണെണ്ണ വിതരണം പുന:സ്ഥാപിക്കുന്നത്. എ.എ.വൈ കാർഡുകൾക്ക് ഒരുലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.

എല്ലാതാലൂക്കുകളിലും മണ്ണെണ്ണ ഡിപ്പോയില്ല

 ഡിപ്പോയില്ലാത്ത താലൂക്കുകളിൽ വ്യാപാരികൾക്ക് മണ്ണെണ്ണ ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്ന് അധികൃതർ

 തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിൽ ടാങ്കറുകളിലെത്തിച്ച് വ്യാപാരികൾക്ക് സ്റ്രോക്ക് എടുക്കാം. ഇതിന് അതത് ടി.എസ്.ഒമാർ നേതൃത്വം നൽകും

 വിതരണകേന്ദ്രം വ്യാപാരികൾ കണ്ടെത്തും. വാതിൽപ്പടി സേവനം ആരംഭിക്കുന്നത് വരെയായിരിക്കും ഈ സൗകര്യം

ജില്ലയിൽ മണ്ണെണ്ണ വിതരണം ഇന്നുമുതൽ ആരംഭിക്കുമെങ്കിലും ഈ മാസം എല്ലാ താലൂക്കുകളിലും വിതരണം പൂർണതോതിലാകില്ല

 ഡിപ്പോകളില്ലാത്ത താലൂക്കുകളിൽ മണ്ണെണ്ണ എത്താൻ വൈകുമെന്നതാണ് ഇതിന് കാരണം

റേഷൻ കടകൾ

(ഡിപ്പോഅടിസ്ഥാനത്തിൽ)

ചേ‌ർത്തല: 288

അമ്പലപ്പുഴ:196

കുട്ടനാട്:114

കാർത്തികപ്പള്ളി:255

മാവേലിക്കര:219

ചെങ്ങന്നൂർ:126

ഗുണഭോക്താക്കൾ

(വിഭാഗം, കാർഡുകൾ,​

ഗുണഭോക്താക്കൾ)

എ.എ.വൈ: 38923, 122107

പി.എച്ച്.എച്ച്: 277748, 998575

എൻ.പി.എസ്: 119937, 455265

എൻ.പി.എൻ.എസ്: 186038, 675899

വില

ലിറ്ററിന്: ₹ 61

മണ്ണെണ്ണ വിതരണത്തിന് വാതിൽപ്പടി സേവനം നടപ്പിലാക്കണം. നഷ്ടപ്പെടുന്ന മണ്ണെണ്ണയ്ക്കുള്ള ലീക്കേജ് സംവിധാനവും ഏ‌ർപ്പെടുത്തണം

- എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,​

കേരള സ്റ്റേറ്റ് റീട്ടേയ്ൽ റേഷൻ ഡീലേഴ്‌സ് അസോ.