രേഖകൾ ഇല്ലാതെ കടത്തിയ വാഹനം പിടികൂടി

Thursday 26 June 2025 1:58 AM IST

മാവേലിക്കര : രേഖകളില്ലാത്തതും ഡ്രൈവർക്ക് ലൈസൻസ് ഇല്ലാത്തതുമായ തമിഴ്നാട് രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറി മാവേലിക്കരയിൽ പിടികൂടി. വർഷങ്ങളായി രേഖകളില്ലാതെയും പിഴ അടക്കാതെയും ഓടിയ വാഹനം കഴിഞ്ഞദിവസം ചേർത്തലയിൽ വച്ച് ആലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ശ്രദ്ധയിൽ പെടുകയും കേസ് ചാർജ് ചെയ്തു കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്ത വാഹനം ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഡ്രൈവർ കടത്തി. അപ്പോൾ തന്നെ ഉദ്യോഗസ്ഥർ ആലപ്പുഴ ആർ.ടി.ഒ എ.കെ ദിലുവിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല മുഴുവനും പരിശോധന കർശനമാക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. വാഹനം കണ്ടെത്തുവാനായി മഫ്തി സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തു.

ഇതിനിടെയാണ് വാഹനം മാവേലിക്കരയിലെ ഒരുസ്ഥാപനത്തിൽ ചരക്കിറക്കുവാനായി എത്തിയിട്ടുണ്ടെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എം.വി.ഐ മോഹൻലാലിന് വിവരം ലഭിച്ചത്. തുടർന്ന് രാത്രി 8 മണിയോടെ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ്, എം.വി.ഐ മോഹൻലാൽ, എം.എം.വി.ഐ സജു.പി ചന്ദ്രൻ എന്നിവർ അടങ്ങുന്ന സംഘം വാഹനം പിടിച്ചെടുത്തു. പരിശോധനയിൽ ഡ്രൈവക്ക് സാധുവായ ലൈസൻസില്ലെന്ന് കണ്ടെത്തി. 1,20,000 രൂപ പിഴ ചുമത്തി.