ആറളം ഫാമിൽ അപകടകാരിയായ മോഴയാനയുടെ പരാക്രമം; ഷെഡുകളും കുടിലുകളും തകർത്ത് കാട്ടാനകൂട്ടം

Wednesday 25 June 2025 10:29 PM IST

ഇരിട്ടി : ആറളം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ശല്യം തുടരുന്നു . രാപകൽ ഭേദമില്ലാതെ വീടിനോട് ചേർന്ന ഷെഡും കുടിലുകളും കൃഷിയും നശിപ്പിച്ചാണ് ആനകളുടെ സ്വൈര്യവിഹാരം . കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ബ്ലോക്ക് ഏഴിൽ കൈതതോട് മേഖലയിലെ സിബിയുടെ വീടിന്റെ വർക്ക് എരിയയും ഷെഡും അസ്പറ്റോസ് ഷീറ്റ് ഉൾപ്പെടെ ആന തകർത്തു .

പുനരധിവാസ മേഖലയിൽ ചുറ്റിത്തിരിയുന്ന അപകടകാരിയായ മോഴയാന വീടിന്റെ മുറ്റത്തുനിന്ന പ്ലാവിൽ നിന്ന് ചക്ക പറിച്ച് തിന്ന ശേഷമായിരുന്ന വീടിന് നേരെ തിരിഞ്ഞത്.കാൽമണിക്കൂറോളം വീടിന്റെ പരിസരത്ത് തന്നെ നിന്ന ആന വീട്ടുകാർ ശബ്ദം വെച്ചതോടെ ഷെഡും വർക്ക് ഏരിയയും തകർക്കുകയായിരുന്നു.

അത് കൊലയാളി

ബ്ലോക്ക് പതിമൂന്നിലെ വെള്ളി ലീല ദമ്പതികളെ കൊന്നതും ഇതെ മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത് . പരിസരവാസികൾ ലൈറ്റ് അടിച്ച് ശബ്ദം ഉണ്ടാക്കിയതോടെയാണ് ആന പരാക്രമം അവസാനിപ്പിച്ച് പിന്മാറിയത് .സിബിയും ഭാര്യയും മൂന്ന് കുട്ടികളുമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. ഭയന്ന് വിറച്ച് കുടുംബം സഹായത്തിനായി റാപ്പിഡ് റെസ്പോൺസ് ടീമിനെ വിളിച്ചെങ്കിലും ആന പിന്മാറിയ ശേഷമാണ് വനപാലകർ സ്ഥലത്തെത്തിയത്

കൈതത്തോടിൽ ഭീതിയോടെ ഇരുപത് കുടുംബങ്ങൾ

ബ്ലോക്ക് ഏഴിലെ കൈതതോട് മേഖലയിൽ അല്പം ഉള്ളിലേക്ക് മാറി താമസിക്കുന്ന 20 ഓളം വരുന്ന കുടുംബങ്ങൾ കടുത്ത ഭീഷണിയിലാണ് കഴിയുന്നത് .സന്ധ്യ മയങ്ങുന്നതിന് മുൻപ് വീട്ടിൽ എത്തിയില്ലെങ്കിൽ ജീവനോടെ വീട്ടിൽ എത്താൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത് .ആറുമണിക്ക് ശേഷം വീട് വിട്ട് വെളിയിൽ ഇറങ്ങാൻ സാധിക്കാത്ത ഭീകരമായ സാഹചര്യമാണ് ഇവിടെയുള്ളത്. കലിപൂണ്ട കൊലയാളി ആനകൾ പുനരധിവാസ മേഖലയിൽ വിലസുമ്പോഴും ആനമതിലടക്കം നേരത്തെ വാഗ്ദാനം ചെയ്ത സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ വനംവകുപ്പ് അമാന്തം കാണിക്കുകയാണ്.