ശ്രീകാന്ത് പ്രതിയായ ലഹരിക്കേസ് : നടൻ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യുന്നു
ചെന്നൈ: കോളിവുഡിനെ പിടിച്ചു കുലുക്കിയ നടൻ ശ്രീകാന്ത് പ്രതിയായ ലഹരിക്കേസിൽ കൂടുതൽ നടപടികളുമായി പൊലീസ്. ശ്രീകാന്തിന്റെയും എ.ഐ.ഡി.എം.കെ നേതാവും ചലച്ചിത്ര നിർമ്മാതാവുമായ പ്രസാദിന്റെയും അറസ്റ്റിന് പിന്നാലെ നടൻ കൃഷ്ണയെയും നുങ്കംപാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണയെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം കേസിൽ കൃഷ്ണയുടെ പങ്ക് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പ്രശസ്ത സംവിധായകൻ വിഷ്ണു വർദ്ധന്റെ സഹോദരൻ കൂടിയാണ് കൃഷ്ണ. അഞ്ജലി, ഇരുവർ, ദളപതി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ശ്രീകാന്ത് ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്ക് കൊക്കെയ്ൻ വിതരണം ചെയ്തതിനും ആഡംബര മയക്കുമരുന്ന് നിറച്ച പാർട്ടികൾ നടത്തിയതിനുമാണ് നിർമ്മാതാവ് പ്രസാദിനെതിരെ കേസെടുത്തിരിക്കുന്നത്. ജോലി തട്ടിപ്പ് കേസിലും ബ്ലാക്ക് മെയിലിംഗ് കേസുകളിലും പ്രസാദ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലയുടെ മുഴുവൻ വ്യാപ്തിയും പുറത്തുകൊണ്ടുവരുന്നതിനായി ശ്രീകാന്തിനെയും പ്രസാദിനെയും കസ്റ്റഡിയിൽ വാങ്ങുമെന്നും അധികൃതർ പറഞ്ഞു. അതിനിടെ റിമാൻഡിൽ കഴിയുന്ന ശ്രീകാന്ത് എഗ്മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്ക് മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.