മാട്ടൂൽ ബീച്ചിൽ അക്വാ അഡ്വഞ്ചർ ടൂറിസത്തിന് വഴി തെളിയുന്നു.

Wednesday 25 June 2025 10:45 PM IST

പഴയങ്ങാടി:നിത്യേന നിരവധി പേർ എത്തിചേരുന്ന മനോഹരമായ മാട്ടൂൽ പെറ്റ് സ്റ്റേഷന് സമീപത്ത് അക്വാ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് വഴി തെളിയുന്നു.മാട്ടൂൽ ബീച്ച് സാഹസിക ടൂറിസം പദ്ധതിയായി മാട്ടൂൽ ബീച്ചിൽ നടപ്പിലാക്കുന്ന അക്വാ അഡ്വഞ്ചർ ടൂറിസം അറ്റ് മാട്ടൂൽ ബീച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എം വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസം റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

പ്രദേശത്തിന്റെ ടൂറിസം വികസനത്തോടൊപ്പം നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുന്ന നിലയിലായിരിക്കും പദ്ധതി.ടൂറിസം പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയാണ് സന്ദർശനം. എം.എൽ.എ യോടൊപ്പം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി പി.കെ.സൂരജ്, ഡെപ്യൂട്ടി തഹസിൽദാർ പി.വി.ബീന, മാട്ടൂൽ വില്ലേജ് ഓഫീസർ എം.സനില എന്നിവരും ഉണ്ടായിരുന്നു.

സാഹസിതകയ്ക്കൊപ്പം വിനോദവും

കടലിനോട് ചേർന്ന് നിൽക്കുന്ന പ്രദേശത്ത് സ്പീഡ് ബോട്ട് അടക്കമുള്ള സാഹസിക ടൂറിസമായിരിക്കും പദ്ധതിയുടെ പ്രധാന ആകർഷണം.ഇതിന് പുറമെ വാക് വേ, ഇരിപ്പിടങ്ങൾ, സൗന്ദര്യ വിളക്കുകൾ, കഫ്റ്റീരിയ, കുട്ടികളുടെ പാർക്ക്, ശുചീമുറി തുടങ്ങിയവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

നേരത്തെ വിശദമായ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ വേഗതത്തിൽ പൂർത്തികരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കഴിഞ്ഞു. -എം.വിജിൻ എം.എൽ.എ