ഒറ്റത്തവണ  ജീവനാംശം  നൽകിയാലും കുട്ടികളെ  നോക്കണം: സുപ്രീംകോടതി

Thursday 26 June 2025 1:51 AM IST

ന്യൂഡൽഹി :വിവാഹമോചനസമയത്ത് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി ഭാര്യയ്‌ക്ക് ജീവനാംശം നൽകിയാലും കുട്ടികളുടെ ചെലവിന് വീണ്ടും പണം നൽകേണ്ടി വരുമെന്ന് സുപ്രീംകോടതി. ആജീവനാന്ത ജീവനാംശത്തിൽ കുട്ടികളെ വളർത്തുന്ന ചെലവ് ഉൾപ്പെടില്ലെന്ന് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിവാഹമോചനം അനുവദിച്ചതിനെതിരെ രണ്ടു പെൺകുട്ടികളുള്ള അമ്മ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിലപാട്.

ഒരു മകൾ പ്രമേഹബാധിതയായതിനാൽ ഏറെ നാൾ ചികിത്സ നൽകേണ്ട സാഹചര്യമാണെന്ന് അമ്മ കോടതിയെ അറിയിച്ചു. വിവാഹമോചനത്തിനായി ഒറ്റത്തവണ തീർപ്പാക്കൽ എന്ന നിലയിൽ മൂന്ന് കോടി രൂപ കൈമാറിയെന്ന് ഭർത്താവ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതോടെ, രണ്ട് കുട്ടികളുടെയും ചെലവ് വഹിക്കാൻ തയ്യാറാണെന്ന് ഭർത്താവ് മയപ്പെട്ടു. ഒന്നും വേണ്ടെന്നാണ് കീഴ്ക്കോടതിയിൽ ഭാര്യ പറഞ്ഞതെന്നും അറിയിച്ചു. ഭർത്താവിന്റെ ഹർജിയിലായിരുന്നു വിവാഹമോചനം.

വിവാഹമോചന ഉത്തരവ് സമ്പാദിച്ചതിനു പിന്നാലെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചത് കോടതി കണക്കിലെടുത്തു. കുട്ടികൾക്കുള്ള ജീവനാംശം തുടങ്ങിയവയിൽ ധാരണയുണ്ടാകാൻ മദ്ധ്യസ്ഥ ശ്രമങ്ങളാണ് അഭികാമ്യമെന്ന് നിലപാടെടുത്തു. സുപ്രീംകോടതി മുൻ ജഡ്‌ജി കുര്യൻ ജോസഫിനെ മദ്ധ്യസ്ഥനായി നിയോഗിച്ചു.