രൺജിത് ശ്രീനിവാസൻ വധക്കേസ് പ്രതിക്ക് അമ്മയെ കാണാൻ പരോൾ

Thursday 26 June 2025 3:01 AM IST

കൊച്ചി: ആലപ്പുഴയിൽ ബി.ജെ.പി നേതാവ് രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷാജി പൂവത്തിലിന് രോഗശയ്യയിലായ തന്റെ അമ്മയെ കാണാൻ 6 മണിക്കൂറത്തെ പരോൾ. ഷാജിയുടെ ഭാര്യ ജാസ്മിൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പരോൾ നടപ്പാക്കാൻ മൂന്നു ദിവസത്തിനകം നടപടിയെടുക്കണമെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ടിനോടും പൊലീസ് അകമ്പടിക്ക് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയോടും കോടതി നിർദ്ദേശിച്ചു. 6 മണിക്കൂറെങ്കിലും മണ്ണഞ്ചേരിയിലെ വീട്ടിൽ കഴിയാം. തടവുകാരന്റെ 93 വയസുള്ള മാതാവ് കഴിഞ്ഞ ഡിസംബറിലും ഈ വർഷം മേയിലും ആശുപത്രിയിലായിരുന്നു. അമ്മയെക്കാണണമെന്ന ആവശ്യം രണ്ടുതവണ ജയിൽ അധികൃതർ തള്ളിയിരുന്നു. തുടർന്നാണ് ഭാര്യ മുഖേന കോടതിയെ സമീപിച്ചത്.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് പരോൾ അനുവദിക്കാൻ നിയമമില്ലെന്ന് സർക്കാർ വാദിച്ചു.എന്നാൽ വധശിക്ഷ നേരിടുന്നവർക്ക് പരോളിന് നിയമം അനുശാസിക്കുന്നില്ലെങ്കിലും മനുഷ്യത്വവും തടവുകാരന്റെ അടിസ്ഥാന അവകാശങ്ങളും കണക്കിലെടുത്താണ് ഉത്തരവെന്ന് കോടതി വ്യക്തമാക്കി.