ജപ്തി ഒഴിവാക്കാൻ 2.51 കോടി: എ.സി.പി പണം വാങ്ങിയത് ഹോട്ടലുകളിൽ തങ്ങി
കൊല്ലം: കോടതിയെ സ്വാധീനിച്ച് ജപ്തി തുക കുറയ്ക്കാമെന്ന് പറഞ്ഞ് ജൂവലറി ഉടമയിൽ നിന്ന് കോഴിക്കോട് ട്രാഫിക് എ.സി.പിയായിരുന്ന കെ.എ.സുരേഷ് ബാബു 2.51 കോടി തട്ടിയത് കൊല്ലത്തെ ഹോട്ടൽ മുറികളിൽ തങ്ങി. ഇതിന്റെ വിവരങ്ങൾ ജില്ലാ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.
തൃശൂർ പേരിൽചേരി കൊച്ചുള്ളി ഹൗസിൽ കെ.എ.സുരേഷ് ബാബുവും ഭാര്യ വി.പി.നസ്രത്തും കൊല്ലത്തെ നാല് ഹോട്ടലുകളിൽ അഞ്ചു തവണ താമസിച്ചതിന്റെ രേഖകളും നിരീക്ഷണ കാമറാ ദൃശ്യങ്ങളുമാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഇതിൽ ഒരു തവണ മാത്രമാണ് സുരേഷ് ബാബു മുറി വാടക നൽകിയത്. ബാക്കി നാലു തവണയും പണമടച്ചത് പരാതിക്കാരനായ കൊല്ലം രണ്ടാംകുറ്റി സ്വദേശി അബ്ദുൾ സലാമാണ്.
അബ്ദുൾ സലാം പൊതുമേഖലാ ബാങ്കിൽ നിന്നെടുത്ത ഓവർ ഡ്രാഫ്ട് വായ്പ 52 കോടി കുടിശ്ശികയായതോടെ 2023ൽ ഈട് വസ്തുക്കൾ ജപ്തി ചെയ്യാൻ ബാങ്ക് ട്രൈബ്യൂണലിനെ സമീപിച്ചു. അബ്ദുൾ സലാമിന്റെ ബന്ധുക്കളുടെ വസ്തുവും ഈടിൽ ഉൾപ്പെട്ടിരുന്നു. ജപ്തി തുക 25 കോടിയായി കുറച്ചുനൽകാമെന്ന് പറഞ്ഞാണ് ബാങ്കിൽ അടയ്ക്കാനെന്ന പേരിൽ പണം വാങ്ങിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ബാലചന്ദ്രക്കുറുപ്പാണ് സുരേഷ് ബാബുവിനെ അബ്ദുൾ സലാമിന് പരിചയപ്പെടുത്തിയത്. 2023 അവസാനം അദ്യ ഗഡുവായി 25 ലക്ഷം രൂപ ഡോ. ബാലചന്ദ്ര കുറുപ്പിന്റെ അക്കൗണ്ടിലാണ് നൽകിയത്. ബാക്കി തുകയെല്ലാം നസ്രത്തിന്റെ അക്കംണ്ടിലും. ജപ്തി തീർപ്പാക്കാനുള്ള നടപടികൾ ഉണ്ടാകാഞ്ഞതിന് പുറമേ പണവും മടക്കി നൽകാഞ്ഞതോടെയാണ് അബ്ദുൾ സലാം പരാതി നൽകിയത്.
കൊല്ലം ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞമാസം എ.സി.പി അബ്ദുൾ സലാമിനെ കോഴിക്കോടേക്ക് വിളിപ്പിച്ച് മൂന്നുഹതവണ ഒത്തുതീർപ്പ് ചർച്ച നടത്തി. മേയ് അവസാനത്തിനകം 50 ലക്ഷം രൂപ തിരികെ നൽകാമെന്ന വാക്കും പാലിച്ചില്ല.