പുതിയ മെനു ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കും

Thursday 26 June 2025 12:16 AM IST

തൃശൂർ: സ്‌കൂൾ പാചക തൊഴിലാളികൾക്ക് അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്ന പുതിയ മെനു നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതിയെ അട്ടിമറിക്കാനാണെന്ന് സ്‌കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസ് ജില്ലാ കമ്മിറ്റി യോഗം. നിലവിലെ ഭക്ഷണ ക്രമീകരണങ്ങൾക്കുള്ള തുക വർദ്ധിപ്പിക്കാത്ത സർക്കാർ നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ജി.ഷാനവാസ് പറഞ്ഞു. തൊഴിലാളികളുടെ വേതനം പ്രതിദിനം ആയിരം രൂപയാക്കി വർദ്ധിപ്പിക്കണം, 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന നയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം നടത്തുന്നത് തുടരാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. റോസി റപ്പായി അദ്ധ്യക്ഷനായി. പി.എം.ഷംസുദീൻ, കെ.എസ്.ജോഷി, സലീല ഗോപി, എം.എസ്.സുഭദ്ര, നിർമ്മല പള്ളം, വർഗീസ് പാലുവായി, മീനാക്ഷി പട്ടിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.