കാലവർഷം ശക്തമായതോടെ ഒരു മാസത്തിനിടെ, കാർഷികനഷ്ടം 25 കോടി

Thursday 26 June 2025 12:17 AM IST

തൃശൂർ: ജില്ലയിൽ കാലവർഷം ശക്തമായതോടെ ഒരു മാസത്തിനിടെ കാർഷിക മേഖലയിൽ നഷ്ടം 25 കോടി കടന്നു. മേയ് 25 മുതൽ ജൂൺ 25 വരെയുള്ള കണക്ക് പ്രകാരം 440 ഹെക്ടർ സ്ഥലത്ത് 25.74 കോടിയുടെ നഷ്ടമാണുണ്ടായത്. പതിനായിരത്തോളം കർഷകർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. കർഷകർ ഓണം വിപണി ലക്ഷ്യമിട്ട് ഇറക്കിയ വാഴക്കൃഷിയിലാണ് കൂടുതൽ നഷ്ടം. തെങ്ങ്, നെല്ല്, പച്ചക്കറി, ജാതി എന്നിവയും നശിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

നശിച്ച വാഴ 2.30 ലക്ഷം

അടുത്ത മാസം വിളവെടുക്കാറായ 2.30 ലക്ഷം നേന്ത്രവാഴകളാണ് ഒരു മാസത്തിനുള്ളിൽ ഒടിഞ്ഞു വീണത്. ഇതിലൂടെ 14.23 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. 1.36 ലക്ഷം കുലയ്ക്കാത്ത വാഴകൾ കാറ്റിലും മഴയിലും നശിച്ചതോടെ 5.46ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. രണ്ടായിരത്തോളം തെങ്ങുകളും ഒരു മാസത്തിനുള്ളിൽ നിലം പതിച്ചു. 1094 കർഷകർക്ക് ഒരു കോടി രൂപയാണ് നഷ്ടം. 154.64 ഏക്കർ നെൽക്കൃഷിയും ഈ കാലയളവിൽ നശിച്ചിട്ടുണ്ട്. 2.39 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

നഷ്ടപരിഹാരത്തിന് കാത്തിരിപ്പ്

കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ വർഷങ്ങളുടെ കാത്തിരിപ്പാണ്. കൃഷിഭവനുകളിൽ നിന്ന് കൃഷിനാശം സംഭവിച്ചതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് അയക്കാറുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് സഹായം ലഭിക്കുന്നത്. നിരവധി വർഷങ്ങളുടെ കുടിശികയാണ് നിലനിൽക്കുന്നത്.

നാലു ശതമാനം മഴ കൂടുതൽ

ജില്ലയിൽ കാലവർഷത്തിൽ ജൂൺ ഒന്ന് മുതൽ 25 വരെയുള്ള കാലയളവിൽ ശരാശരി ലഭിക്കേണ്ട മഴയേക്കാൾ നാലു ശതമാനം കൂടുതൽ ഇതുവരെ ലഭിച്ചത്. ശരാശരി 586.5 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 323.4 മില്ലി മീറ്റർ മഴ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിൽ ആറു ജില്ലകിളിൽ ഒന്നാണ് തൃശൂർ.