ദേശീയപാത അതോറിറ്റി കുരുക്ക് ഒഴിയുന്നില്ല, നിർദ്ദേശങ്ങൾ പാഴ് വാക്ക്
തൃശൂർ: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മന്ത്രി കെ.രാജനും കളക്ടറും സന്ദർശിച്ച് പരിഹാരം കാണാൻ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചെങ്കിലും അവഗണിച്ച് ഉദ്യോഗസ്ഥർ. മുടിക്കോടും കല്ലിടുക്കിലും കുഴികൾ അടയ്ക്കാനും സർവീസ് റോഡിന്റെ വീതി കൂട്ടാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ നടപ്പിലാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ റോഡ് സൈഡിലുള്ള മണ്ണ് നീക്കം ചെയ്തതല്ലാതെ മറ്റ് പ്രവർത്തനങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. മഴ മാറിനിന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ നിർമ്മാണം പൂർത്തിയാക്കാത്ത ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാണ്. നിലവിൽ സർവീസ് റോഡിലെ കുഴികളാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. മണിക്കൂറുകൾക്ക് വാഹനങ്ങൾ കുരുക്കിൽ കുടുങ്ങുകയാണ്. മണ്ണുത്തി-അങ്കമാലി പാതയിലെ കുരുക്ക് നേരിട്ട് ബോധ്യപ്പെടാനായിരുന്നു കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തിയത്. എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ഒരേ കരാറുകാരനായത് പ്രതിസന്ധി
എല്ലാ അടിപ്പാതകളുടെ നിർമ്മാണവും ഒരു കരാറുകാരനെ ഏൽപ്പിച്ചതാണ് പണികൾ വൈകാൻ കാരണം. കൂടാതെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് പോകാൻ സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതാണ് കുരുക്ക് രൂക്ഷമാകുന്നത്.
ടോൾ പിരിക്കൽ മുഖ്യം
റോഡ് നിർമ്മാണം പുരോഗമിക്കുമ്പോഴും ഗതാഗതക്കുരുക്ക് മുറുകുമ്പോഴും പാലിയേക്കരയിൽ ടോൾ പിരിക്കൽ പൊടിപൊടിക്കുന്നു. ദേശീയ പാതയിലെ മറ്റ് പ്രതിസന്ധികൾ തങ്ങളെ ബാധിക്കില്ലെന്നതാണ് കരാറുകാരന്റെ വാദം. കളക്ടർ രണ്ട് തവണ ടോൾ പിരിവ് നിറുത്തിവപ്പിച്ചെങ്കിലും സംസ്ഥാന-കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് വീണ്ടും ആരംഭിക്കുകയായിരുന്നു. പാലിയേക്കരയിൽ ഇപ്പോഴും ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.