 അർദ്ധനഗ്നനാക്കി ചെരിപ്പുമാല തൂക്കി കാശ്‌മീരി യുവാവിനോട് പൊലീസിന്റെ ക്രൂരത

Thursday 26 June 2025 12:59 AM IST

ശ്രീനഗർ: ജമ്മു- കാശ്മീരിൽ മോഷണക്കേസിൽ ആരോപണ വിധേയനായ യുവാവിനോട് പൊലീസിന്റെ ക്രൂരത.

അർധ നഗ്നനാക്കി പൊലീസ് ജീപ്പിന്റെ ബോണറ്റിൽ നിറുത്തി ചെരിപ്പ് മാല തൂക്കി. തിരക്കേറിയ തെരുവിലൂടെ നടത്തുകയും പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ആർപ്പു വിളിക്കുകയും ചെയ്തു. യുവാവിന്റെ കൈകൾ കയറുകൊണ്ട് കെട്ടി പൊലീസുകാർ വലിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമുയർന്നു. സംഭവത്ത ശക്തമായി അപലപിച്ച ജമ്മു സീനിയർ പൊലീസ് സൂപ്രണ്ട് ജോഗീന്ദർ സിംഗ് അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബക്ഷി നഗറിലാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച് ഏതാനും ദിവസം മുമ്പ് മാർക്കറ്റ് റോഡിൽ വച്ച് ഒരാൾ ആരോപണവിധേയനായ യുവാവിനെ കാണുകയും തന്റെ 40,​000 രൂപ മോഷ്ടിച്ച ആളാണെന്ന് തിരിച്ചറിയുകയും ചെയ്തു. കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ ഇയാളെ പിടികൂടി. ഇതിനിടെ നാട്ടുകാരിൽ ചിലരും പൊലീസുകാരും യുവാവിനെ മർദ്ദിച്ചു. അർദ്ധനഗ്നനാക്കി പക്കാ ഡംഗ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവം ജമ്മു-കാശ്മീരിലുടനീളം വൻ പ്രതിഷേധത്തിന് കാരണമായി. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആവശ്യപ്പെട്ടു.