19കാരിയെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊന്നു: യുവാവ് അറസ്റ്റിൽ

Thursday 26 June 2025 1:03 AM IST

ന്യൂഡൽഹി: 19കാരിയെ വീടിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ 26കാരൻ അറസ്റ്റിൽ. ഡൽഹിയിലെ അശോക് നഗർ സ്വദേശി നേഹയാണ് മരിച്ചത്. ഉത്തർപ്രദേശ് രാംപുർ സ്വദേശി തൗഫീഖാണ് അറസ്റ്റിലായത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ തൗഫീഖിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്ര് ചെയ്യുകയായിരുന്നു.

തിങ്കളാഴ്ചയാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച് തൗഫീഖും നേഹയും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. തൗഫീഖ് മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഇതിനിടെ ബുർഖ ധരിച്ച് വീട്ടിൽ കയറിക്കൂടിയ തൗഫീഖ് നേഹ വാട്ടർ ടാങ്ക് പരിശോധിക്കാൻ പോയ സമയം പിന്നാലെ പോയി. മകൾ തിരിച്ചുവരാതായതോടെ ടെറസിലെത്തിയ പിതാവ് സുരേന്ദ്ര കാണുന്നത് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുന്നതാണ്. ഇടപെട്ടപ്പോൾ സുരേന്ദ്രയെ പ്രതി തള്ളിമാറ്റി. ഇതിനിടെ നേഹയെ തള്ളിയിടുകയായിരുന്നു. നേഹയെ സുരേന്ദ്ര ഉടൻ

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൗഫീഖ് വീട്ടിലെത്തുന്നതിന്റെയും ദുരൂഹ സാഹചര്യത്തിൽ വീട്ടിൽനിന്ന് പുറത്തുപോകുന്നതിന്റെയും സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

അതേസമയം, ഇരുവരും പ്രണയത്തിലാണെന്ന വാർത്ത നേഹയുടെ വീട്ടുകാർ അറിയിച്ചു. നേഹ തൗഫീഖിന്റെ കൈയിൽ രാഖി കെട്ടിയിരുന്നു. തൗഫീഖിനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.