'മികച്ച പങ്കാളിയായതിന് നന്ദി", ഭാര്യയെക്കുറിച്ച് വാചാലനായി ശുഭാംശു, അമ്മയ്ക്കും പത്നിക്കും സന്ദേശം:ശുഭാംശുവിന്റെ യാത്ര വികാരനിർഭരം
തിരുവനന്തപുരം: മികച്ച പങ്കാളിയായതിന് ഭാര്യയ്‌ക്ക് നന്ദി പറഞ്ഞു ശുഭാംശു ശുക്ല. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഭാര്യ കാംനയുടെ പിന്തുണയെ കുറിച്ച് അദ്ദേഹം വാചാലനായത്.
'നീ നല്ലൊരു പങ്കാളിയായതിന് നന്ദി. നീയില്ലാതെ ഇതൊന്നും സാദ്ധ്യമാകുമായിരുന്നില്ല. അതിനേക്കാളുപരി, ഇതൊന്നും ഒരു സംഭവമേ ആവില്ല" ശുഭാംശു കുറിച്ചു. ഗ്ലാസ് ഡോറിന്റെ ഇരുവശങ്ങളിലും നിന്ന് ഇരുവരും യാത്ര പറയുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.
സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളാണ് ശുഭാംശുവും കാംനയും. ലക്‌നൗവിലെ പ്രൈമറി സ്‌കൂളിൽവച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.
'മൂന്നാം ക്ലാസ് മുതൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണ്. ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു. ശുഭാംശുവിനേക്കാൾ ഞങ്ങളുടെ ക്ലാസിലെ ലജ്ജാലുവായ ഗുഞ്ചനേയാണ് എനിക്ക് അറിയുക. ആ പയ്യൻ ഇപ്പോൾ ഒട്ടേറെ പേർക്ക് പ്രചോദനമായിരിക്കുന്നു"- ശുഭാംശുവിനെ കുറിച്ച് കാംന പറയുന്നു. ദമ്പതികൾക്ക് ആറ് വയസുള്ള മകനുണ്ട്.
അഭിമാന നിമിഷമെന്ന് മാതാപിതാക്കൾ
ശുഭാംശു യാത്ര തുടങ്ങിയപ്പോൾ അമ്മ ആശ ശുക്ല വികാരഭരിതയായി. ലക്‌നൗവിലിരുന്ന് യാത്ര ലൈവായി കണ്ട ശുഭാംശുവിന്റെ അച്ഛൻ ശംഭുദയാൽ ശുക്ളയും അമ്മ ആശാ ശുക്ളയും എല്ലാം ദൈവനിശ്ചയമാണെന്നാണ് പറഞ്ഞത്. 'ഞങ്ങൾക്കിത് അഭിമാന നിമിഷമാണ്. നാട്ടിൽ എല്ലായിടത്തും അവന്റെ പോസ്റ്ററുകളുണ്ട്. ലക്നൗവിലെ ത്രിവേണി നഗറിൽ നിന്നുള്ള ഒരാൾ ഉയരങ്ങളിലേക്ക് പോകുന്നു എന്നതിൽ എല്ലാവരും സന്തോഷത്തിലാണെന്നും ആശ പറഞ്ഞു.