നിർണായകം, ഇനിയുള്ള മണിക്കൂറുകൾ
തിരുവനന്തപുരം: ഫാൽക്കൺ 9 റോക്കറ്റിൽ നിന്ന് വേർപ്പെട്ടശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ശുഭാംശു ഉൾപ്പെടെയുള്ള സംഘത്തിന് അടുത്ത മണിക്കൂറുകൾ നിർണായകം. ഇന്ന് വൈകിട്ട് നാലരയോടെയാകും പേടകം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുക. അതിനായി ശ്വാസമടക്കി കാത്തിരിക്കുകയാണ് ഇന്ത്യയടക്കം ശാസ്ത്രലോകം.
മിഷൻ കമാൻഡർ പെഗ്ഗി വിൻസൺ ആണെങ്കിലും പേടകം നിയന്ത്രിക്കുന്നത് പൈലറ്റായ ശുഭാംശുവാണ്. 90 മിനിറ്റുകൊണ്ട് ഒരുതവണ ഭൂമിയെ വലംവയ്ക്കുന്ന പേടകം സ്പേസ് സ്റ്റേഷനിലേക്ക് അടുക്കാനുള്ള അവസരം വരുന്നതുവരെ വലംവച്ചുകൊണ്ടിരിക്കും. സ്പേസ് സ്റ്റേഷനിലെ ഹാർമണി ഡോക്കിൽ പേടകം അടുക്കുമ്പോഴേക്കും 19തവണ ഭൂമിയെ ചുറ്റിയിട്ടുണ്ടാകും.
പേടകത്തിലെ ഗ്രാഗോ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചാണ് പേടകം നീങ്ങുന്നത്. വിമാനം നിയന്ത്രിക്കുന്നതു പോലെ എളുപ്പമല്ല ബഹിരാകാശത്ത് പേടകത്തെ നിയന്ത്രിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച ഡിജിറ്റൽ സംവിധാനവും ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിൽ നിന്നുള്ള കമാൻഡുകളും അനുസരിച്ചായിരിക്കും പ്രവർത്തിപ്പിക്കുക. കൂടുതൽ സങ്കേതങ്ങളും സ്വയം പ്രവർത്തിക്കുന്നവയാണ്.
പ്രവേശിക്കാൻ
ഒരു മണിക്കൂർ
1.സ്പേസ് സ്റ്റേഷനിലെ ഹാർമണി ഡോക്കിൽ പേടകം അടുത്തുകഴിഞ്ഞാൽ അടുത്ത നടപടി യാത്രികരുടെ ആരോഗ്യനിലയടക്കം പരിശോധനയാണ്. പേടകത്തിലെ സംവിധാനം ഉപയോഗിച്ച് ഓട്ടോമാറ്റിക്കായിട്ടാകും പരിശോധന
2.തുടർന്ന് ഡോക്കിന്റെ വാതിൽ തുറന്ന് നാലുയാത്രികരും സ്പേസ് സ്റ്റേഷനിൽ പ്രവേശിക്കും. ഇതിന് ഒരു മണിക്കൂറെടുക്കും
3.അകത്തുകടന്നാൽ ഇപ്പോൾ അതിനുള്ളിലുള്ളവർ ചേർന്ന് സ്വീകരിക്കും. പിന്നീട് ഗവേഷണ പ്രവർത്തനങ്ങളടക്കം ഡ്യൂട്ടികൾ നിശ്ചയിക്കും
അനുഭവ സമ്പത്ത് കരുത്ത്
39 വയസുകാരനായ ശുഭാംശുവിന് 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങൾ പറപ്പിച്ചുള്ള അനുഭവസമ്പത്തുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വർ,ഹോക്ക്,ഡോണിയർ,എഎൻ 32 തുടങ്ങിയ വിമാനങ്ങൾ ഇക്കൂട്ടത്തിൽപ്പെടും. ഇന്ത്യ സ്വന്തംനിലയ്ക്കു ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരിൽ ഒരാൾ ശുഭാംശുവാണ്.