'ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല'; പ്രതിഫല വിവരങ്ങൾ പങ്കുവച്ച് ലിജോ
ചുരുളി സിനിമയെ സംബന്ധിച്ച് അടുത്തിടെ നടൻ ജോജു ജോർജ് നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ പ്രതികരിച്ചത്. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ഉൾപ്പടെയുള്ള വിവരങ്ങളും ലിജോ ജോസ് പെല്ലിശേരി പങ്കുവച്ചിട്ടുണ്ട്.
ചുരുളിയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നാണ് മുൻപ് ജോജു ജോർജ് പറഞ്ഞത്. ചിത്രം രണ്ട് വേർഷനുകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും തെറി പ്രയോഗമുള്ള ഭാഗം അവാർഡിനേ അയക്കൂ എന്നായിരുന്നു പറഞ്ഞിരുന്നതെന്നും തെറി പ്രയോഗമുള്ള വേർഷൻ റിലീസ് ചെയ്യുന്ന കാര്യം മര്യാദയുടെ പേരിൽ പോലും ആരും വിളിച്ച് ചോദിച്ചില്ലെന്നും ജോജു ജോർജ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,
സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈകോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം.
Nb : ഒരവസരമുണ്ടായാൽ ഉറപ്പായും cinema തീയേറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു.