സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, പക്ഷേ അതിഥികൾക്ക് വെള്ളിപാത്രങ്ങളിൽ ആഡംബര സദ്യ, ഒരാൾക്ക് ചെലവ് 5000 രൂപ
മുംബയ്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ അതിഥികൾക്ക് വെള്ളിപാത്രങ്ങളിൽ ആഡംബര സദ്യയൊരുക്കി മഹാരാഷ്ട്ര സർക്കാർ. മുംബയിൽ നടന്ന പാർലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റിയുടെ പ്ളാറ്റിനം ജൂബിലി യോഗത്തിലായിരുന്നു വെള്ളിപാത്രത്തിലെ സദ്യവിളമ്പൽ. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ ഇത് വൻ വിവാദമാവുകയും ചെയ്തു.
മുംബയിലെ വിധാൻഭവൻ സമുച്ചയത്തിലായിരുന്നു ആഡംബര സദ്യ. ലോക്‌സഭാ സ്പീക്കർ ഓംബിർല ഉദ്ഘാടനം ചെയ്ത രണ്ടുദിവസത്തെ സമ്മേളനത്തിൽ അതിഥികളായി രാജ്യത്തിന്റെ പലഭാഗത്തുനിന്നായി അറുന്നൂറോളം പേരാണ് എത്തിയത്. അതിഥികളിൽ ഓരോരുത്തർക്കും അയ്യായിരം രൂപയിൽ കൂടുതൽ വിലവരുന്ന ഭക്ഷണമാണ് മൂന്നുനേരവും വിളമ്പിയത്. ഇതിനായി വെള്ളിപാത്രങ്ങൾ വാടകയ്ക്ക് എടുക്കുകയായിരുന്നു.
ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷവും സാമൂഹ്യപ്രവർത്തകരും രംഗത്തെത്തി. സംസ്ഥാനം ഫലത്തിൽ പാപ്പരത്തത്തിന്റെ വക്കിൽ നിൽക്കുമ്പോൾ അതിഥികൾക്ക് വെള്ളിത്തളികയിൽ ഭക്ഷണം വിളമ്പേണ്ട ആവശ്യം എന്തായിരുന്നു എന്നാണ് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് വിജയ് വഡെറ്റിവാർ ചോദിക്കുന്നത്. അതിഥികളിൽ ഓരോരുത്തരുടേയും ഭക്ഷണത്തിന് 5,000 രൂപ ചെലവഴിക്കാൻ സർക്കാരിന് ഒരുമടിയുമില്ല. എന്നാൽ പാവപ്പെട്ട കർഷകരുടെ വായ്പ എഴുതിത്തള്ളാൻ സർക്കാരിന്റെ കയ്യിൽ പണമില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
എന്നാൽ, വിവാദങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സർക്കാരുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. വെള്ളിത്തളികയിലല്ല, വെള്ളി പൂശിയ തളികയിലാണ് ഭക്ഷണം വിളമ്പിയതെന്നും ഇപ്പോൾ ആരോപിക്കുന്നതുപോലെ ഒരാളുടെ ഭക്ഷണത്തിന് അയ്യായിരം രൂപ ആയിട്ടില്ലെന്നും അവർ പറയുന്നു. എന്നാൽ സംസ്ഥാന സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.