വീട്ടിൽ ഇവയുണ്ടോ? എന്നാൽ മഴക്കാലത്ത് പാമ്പെത്തും, സൂക്ഷിക്കുക
മഴക്കാലമായാൽ മലയോര മേഖലയിൽ പാമ്പ് ശല്യം രൂക്ഷമാണ്. ഓരോ വർഷവും നിരവധി പേർക്കാണ് പാമ്പുകടി ഏൽക്കുന്നത്. കോന്നി വനം ഡിവിഷന്റെ പരിധിയിൽ കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള വന്യജീവി ആക്രമണങ്ങളിൽ മരണങ്ങൾ കൂടുതൽ ഉണ്ടായിട്ടുള്ളത് പാമ്പുകടിയേറ്റാണ്. ഇതിൽ വനമേഖലകളിലും ജനവാസ മേഖലകളിലും മനുഷ്യർക്ക് പാമ്പുകടി ഏറ്റിട്ടുണ്ട്.
അണലി, മൂർഖൻ എന്നിവയുടെ കടിയേറ്റാണ് കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുള്ളത്. പാമ്പു കടിയേറ്റ ആളെ ആന്റിവെനം ഉള്ള ആശുപത്രിയിൽ എത്തിക്കാൻ വരുന്ന കാലതാമസവും മരണസംഖ്യ ഉയരാൻ കാരണമാകുന്നു. മഴ ശക്തിപ്പെടുമ്പോൾ പാമ്പുകളുടെ മാളങ്ങൾ ഇല്ലാതായി, അവ പുറത്തേക്കിറങ്ങുന്ന സാഹചര്യത്തിലാണ് കടിയേൽക്കുന്നത്. മാളങ്ങളിൽ വെള്ളം കയറുമ്പോൾ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാറുണ്ട്.
വേണം കരുതൽ
വീടിന്റെ പരിസരങ്ങളിൽ കാണുന്ന മാളങ്ങൾ, പൊത്തുകൾ എന്നിവ സിമന്റ് ഉപയോഗിച്ചോ മണ്ണ് ഉപയോഗിച്ചോ അടയ്ക്കണം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷണം, ഓല, ഓട്, കല്ല് എന്നിവ അടുക്കി വച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നതും അപകടസാദ്ധ്യത കൂട്ടുന്നു. വീട്ടിൽ കോഴിക്കൂടോ വളർത്തു മൃഗങ്ങളോ ഉണ്ടെങ്കിൽ അധികശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതും പതിവാണ്. എലിശല്യം കൂടുതലുണ്ടെങ്കിലും പാമ്പിനെ പ്രതീക്ഷിക്കാം. പലപ്പോഴും വീട്, വിറകുപുര തുടങ്ങിയ ആൾ പെരുമാറ്റമുള്ള ഇടങ്ങൾ പാമ്പ് താവളമാക്കുന്ന സ്ഥിതിയുണ്ട്. മഴക്കാലത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പാമ്പ് പോലുള്ള ഇഴജന്തുക്കൾ എത്താൻ സാദ്ധ്യത കൂടുതലാണ്.