'ചുറ്റും രക്തം, നായകളുടെ പല്ലുകൾ നീക്കം ചെയ്യുന്നത് മരവിപ്പിക്കാതെ'; ഹൃദയഭേദക വീഡിയോയ്ക്ക് പിന്നിൽ നിഗൂഢ വിശ്വാസം
ബീജിംഗ്: കറുത്ത നിറത്തിലുളള നായകളെ മരവിപ്പിക്കാതെ പല്ലുകൾ നീക്കം ചെയ്യുന്ന തത്സമയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് കടുത്ത വിമർശനങ്ങൾക്ക് കാരണമായി. ചൈനയിലാണ് സംഭവം. ജൂൺ 12നാണ് ക്രൂരത നിറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ദുഷ്ടാത്മാക്കളെ ഒഴിപ്പിക്കാനുളള ഒരു ആചാരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. ജിയാംഗ്സു പ്രവിശ്യയിലെ മെംഗ് എന്ന യുവതിയാണ് സംഭവത്തിന്റെ തത്സമയ വീഡിയോ കണ്ടത്. ഒരു കൂട്ടം ആളുകൾ കറുത്ത നായകളുടെ വായ ബലം പ്രയോഗിച്ച് തുറക്കുകയും പ്രാകൃത ഉപകരണങ്ങൾ കൊണ്ട് പല്ലുകൾ നീക്കം ചെയ്യുന്നതുമാണ് വീഡിയോ. ആദ്യം വിചാരിച്ചത് വീഡിയോ വ്യാജമായിരിക്കുമെന്നായിരുന്നു. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് സംഭവം യഥാർത്ഥമാണെന്ന് മനസിലായതെന്നും മെംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്. നായകളുടെ മൂക്കുകൾ വെളുത്ത വസ്തുക്കൾ ഉപയോഗിച്ച് മൂടിയിരിക്കുന്നതും അവയുടെ പല്ലുകളിൽ രക്തക്കറകളുളള ചിത്രങ്ങളുമാണ് പങ്കുവച്ചിരിക്കുന്നത്.
തത്സമയ വീഡിയോയ്ക്ക് താഴെ ചോദ്യങ്ങൾ ചോദിച്ചതോടെ ആരോ തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായും യുവതി പറഞ്ഞു. വീഡിയോയിലുണ്ടായിരുന്നു ലീ എന്ന വ്യക്തി പറയുന്നതനുസരിച്ച്, മുതിർന്ന നായകളുടെ പല്ലുകൾ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും രക്ഷപ്പെടുത്തുമെന്നാണ്. സംഭവത്തിൽ സോഷ്യൽ മീഡിയയിലുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചൈനീസ് നാടോടിക്കഥകളിൽ പറയന്നതനുസരിച്ച് കറുത്ത നായകളുടെ പല്ലുകൾ എർലാംഗ് ഷെൻ ദേവതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയ്ക്ക് ദുഷ്ടാത്മാക്കളെ അകറ്റാനുളള അമാനുഷിക കഴിവുകൾ ഉണ്ടെന്നാണ് വിശ്വാസം. അതിനാൽത്തന്നെ കറുത്ത നായകളുടെ പല്ലുകൾ നീക്കം ചെയ്യുന്നത് ദുരാത്മാക്കളെ അകറ്റാൻ സഹായിക്കുമെന്നാണ് പ്രാചീന വിശ്വാസം.