ഈ രസം ഉണ്ടാക്കാൻ അടുപ്പും വേണ്ട തീയും വേണ്ട, ഒരിക്കൽ കഴിച്ചാൽ നിങ്ങളും കട്ട ഫാനാകും
രസം ഉണ്ടെങ്കിൽ ഊണ് കുശാലായി എന്ന് പ്രത്യേകം പറയേണ്ടല്ലോ? എന്നാൽ ഇതുപോലൊരു രസം നിങ്ങൾ ഇതുവരെ രുചിച്ചിട്ടുണ്ടാവില്ല. ഈ രസം ഉണ്ടാക്കാൻ തീയും അടുപ്പും വേണ്ട എന്നറിയുമ്പോഴാണ് കൂടുതൽ ഞെട്ടുന്നത്. 'പച്ചപുളി രസം' എന്നാണ് ഈ സ്പെഷ്യൽ ഐറ്റത്തിന്റെ പേര്. ഒരിക്കൽ ഉപയോഗിക്കുന്നവർ ഈ രസത്തിന്റെ ആരാധകരായി മാറുമെന്നതിലും സംശയം വേണ്ട. ഒട്ടും പാചകം അറിയാത്തവർക്കുപോലും എളുപ്പത്തിൽ ഇത് ഉണ്ടാക്കുകയും ചെയ്യാം.
വേണ്ട സാധനങ്ങൾ
ജീരകം, കുരുമുളക് (ഒരു ചെറിയ സ്പൂൺ), വെളുത്തുള്ളി(7,8 അല്ലികൾ), ചെറിയ ഉള്ളി പത്തെണ്ണം, എരിവുവേണ്ടതിന് അനുസരിച്ച് പച്ചമുളക് അല്ലെങ്കിൽ കാന്താരിമുളക്, കറിവേപ്പില, ഉപ്പ്, അല്പം കായപ്പൊടി, ഒരു വലിയ നെല്ലിക്കയുടെ വലിപ്പത്തിൽ വാളൻ പുളി.
തയ്യാറാക്കുന്ന വിധം
ആദ്യം ജീരകവും കുരുമുളകും ഇടികല്ലിൽ ഇട്ട് നന്നായി ചതച്ചെടുക്കുക. തുടർന്ന് ഇതിലേക്ക് വെളുത്തുള്ളി, ചെറിയ ഉള്ളി, മുളക്, കറിവേപ്പില എന്നിവകൂടി ചേർത്തശേഷം ചെറുതായി വീണ്ടും ചതയ്ക്കുക. ഇനിയാണ് പച്ചപ്പുളിരസത്തിലെ പ്രധാന ചേരുവയായ പുളിയുടെ പ്രയോഗം. പുളി അല്പം വെള്ളത്തിൽ കലക്കിയെടുക്കുക. ഈ വെള്ളം ഒരു മൺചട്ടിയിലേക്ക് ഒഴിച്ചശേഷം രസത്തിന് ആവശ്യമായ അളവിൽ വെള്ളവും ചേർക്കണം. ഇതിലേക്ക് നേരത്തേ ചതച്ചെടുത്ത സാധനങ്ങൾ കലർത്തിയശേഷം ആവശ്യത്തിന് കായപ്പൊടിയും ഉപ്പുംകൂടിച്ചേർത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് അല്പം മല്ലിയിലയും കൂടിചേർത്താൽ ഉഗ്രൻ രസം റെഡി. നല്ല ചൂട് ചോറിനൊപ്പം ഈ രസം കൂടിച്ചേർത്താലുളള രുചിയെ 'അന്യായം' എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.