നേമം സഹകരണ ബാങ്കിലെ തട്ടിപ്പ്: തുടരന്വേഷണത്തിന് സാവകാശം തേടി

Friday 27 June 2025 12:48 AM IST

 ഇടക്കാല അന്വേഷണ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നേമം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തിന് സീനിയർ ഇൻസ്പെക്ടർ സാവകാശം തേടി. ബാങ്ക് പൂർണമായി കമ്പ്യൂട്ടർവത്കരിച്ചിട്ടില്ലാത്തതിനാൽ അന്വേഷണത്തിന് സാവകാശം വേണമെന്നാണ് ഇൻസ്പെക്ടറുടെ ആവശ്യം.

അതേസമയം, ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ കാലത്ത് നടന്ന തട്ടിപ്പുകളിൽ സെക്രട്ടറിമാരുടെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ കണക്കിൽപ്പെടാത്തതും തിരിച്ചുപിടിക്കാനാവാത്തതുമായ ഒട്ടേറെ വായ്പകളെടുത്തിട്ടുണ്ടെന്ന്, കേസന്വേഷിച്ച സീനിയർ ഇൻസ്പെക്ടറുടെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.

ബാങ്കിലെ മുൻ സെക്രട്ടറി ബാലചന്ദ്രൻ നായരുടെ ഭാര്യ പി.കെ.ശ്രീകലയുടെ പേരിൽ ജാമ്യമൊന്നുമില്ലാതെ 7 ലക്ഷം രൂപ വായ്പ നൽകിയിട്ടുണ്ട്. മറ്റൊരു സെക്രട്ടറി എ.ആർ.രാജേന്ദ്രന്റെ ഭാര്യ ശ്രീജകുമാരിയുടെ പേരിൽ ഒരു ജാമ്യവുമില്ലാതെ പലപ്പോഴായി 4 ലക്ഷം രൂപ വായ്പ നൽകിയിട്ടുണ്ട്. കൂടാതെ ചില ബന്ധുക്കളുടെ പേരിൽ 4 ശതമാനം വായ്പയെടുത്ത് അന്നുതന്നെ അതേ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.

ഭരണസമിതി തിരഞ്ഞെടുപ്പ് പോലും സുതാര്യമായിട്ടല്ല നടന്നത്. നിലവിലെ പ്രസിഡന്റ് വി.പ്രഭാകരൻ നായരെ ചട്ടവിരുദ്ധമായാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ബാങ്കിൽ നിന്ന് വായ്പയെടുത്തവരെ കബളിപ്പിച്ച് ലക്ഷങ്ങൾ എഴുതിയെടുത്തു.

വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിവേണമെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുൻ സെക്രട്ടറിയെയും മുൻ പ്രസിഡ‌ന്റിനെയും നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്ര് ചെയ്തിരുന്നു.