ധർമ്മടം മണ്ഡലത്തിൽ പാഷൻ ഫ്രൂട്ട് കൃഷി 

Thursday 26 June 2025 9:18 PM IST

കണ്ണൂർ:ധർമ്മടം മണ്ഡലത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പാഷൻ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാഷൻ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നത് മണ്ഡലത്തിലെ പഞ്ചായത്തുകളിലെ മണ്ണ് പാഷൻ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ് എന്ന കണ്ടെത്തലിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് തൈകളുടെ ലഭ്യത ഉറപ്പ് വരുത്തൽ , സാങ്കേതിക സഹായങ്ങൾ , മാർക്ക​റ്റ് പിന്തുണ എന്നിവ നല്കി കൊണ്ടാണ് വ്യാപന പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ആദ്യ ഘട്ട പരിശീലനം പിണറായി കൺവൻഷൻ ഹാളിൽ നടന്നു. ഹരിതകേരളം മിഷൻ ജില്ലാ കോ ഓഡിനേ​റ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പിണറായി കൃഷി ഓഫീസർ പി.പി.സക്കീന പാഷൻ ഫ്രൂട്ട് കൃഷി സംബന്ധിച്ച പരിശീലനം നല്കി. ഹരിത കേരളം മിഷൻ ആർ.പിമാരായ ലത കാണി ,കെ.നാരായണൻ എന്നിവർ കർമ്മ പദ്ധതി അവതരിപ്പിച്ചു.