ആറളം ഫാമിൽ കാട്ടാന ചരിഞ്ഞ നിലയിൽ ജഢം കണ്ടെത്തിയത് പതിനൊന്നാം ബ്ളോക്കിൽ

Thursday 26 June 2025 10:13 PM IST

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഫാമിന്റെ പതിനൊന്നാം ബ്ലോക്കിലാണ് ഇന്നലെ ഉച്ചയോടെ കൊമ്പനെ ചെരിഞ്ഞ നിരയിൽ കണ്ടത്. ആദിവാസികൾ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏകദേശം 25 വയസ്സ് പ്രായമായ കൊമ്പന്റെ ജഢം കണ്ടത്. രണ്ടുദിവസത്തിലധികം പഴക്കം ഉണ്ട്.

കൊട്ടിയൂർ റേഞ്ചർ നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആറളം പൊലീസും സ്ഥലത്തെത്തി. രോഗം പിടിപെട്ട് ചെരിഞ്ഞതെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്ന് വ്യക്തമായത്. ഇന്ന് നടന്ന പോസ്റ്റ്മോർട്ടത്തിലൂടെ കൃത്യമായ മരണകാരണം വ്യക്തമാവും

കാട്ടാനകളുടെ വിഹാരകേന്ദ്രം

വെള്ളവും തീറ്റയും കൂടുതലായി ലഭിക്കുന്നതിനാൽ കാട്ടാനകൾ കൂടുതൽ തമ്പടിക്കുന്ന പ്രദേശതാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടത്. ഈ മേഖലയിൽ ഭൂമിയുടെ പട്ടയം ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്തിരുന്നുവെങ്കിലും രൂക്ഷമായ വന്യമൃഗ ശല്യം കാരണം ആദിവാ സികൾ താമസിക്കാറില്ല. ഇത് കൂടാതെ ചതുപ്പ് നിറഞ്ഞ പ്രദേശം കൂടിയാണ്. കഴിഞ്ഞ വർഷം ഇതിന് തൊട്ടടുത്തായി തന്നെ മറ്റൊരു കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടിയാണ് അന്ന് കാട്ടാന ചരിഞ്ഞത്. ആറളം കാർഷിക ഫാമിലും പുനരധിവാസ മേഖലയിലുമായി ഏഴോളം കാട്ടാനകൾ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ചരിഞ്ഞതായാണ് കണക്ക്