കനത്ത മഴയിൽ വീട് തകർന്നു
Friday 27 June 2025 12:15 AM IST
നന്തിക്കര: കനത്ത മഴയിൽ വീട് തകർന്നു. പറമ്പത്ത് ഗംഗാധരന്റെ വീടാണ് തകർന്നത്. വൃക്ക രോഗിയായ ഗംഗാധരനും അംഗ പരിമിതനായ മകനും പരിക്കേൽക്കാതെ രക്ഷപെട്ടു. വീട് വീഴുമ്പോൾ ഇരുവരും അടുക്കളയിലായിരുന്നു. ഓടു മേഞ്ഞ മേൽക്കൂരയും ചുമരുകളുടെ ഒരു ഭാഗവും വീണു.വീട്ടുപകരണങ്ങളെല്ലാം നശിച്ചു. പുറത്തു കടക്കാനാകാതെ വീടിനുള്ളിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാരെത്തിയാണ് പുറത്തെത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപിന്റെയും പഞ്ചായത്ത് അംഗം എൻ.എം.പുഷ്പാകരന്റെയും നേതൃത്വത്തിൽ വീട്ടുകാരെ നന്തിക്കര ഗവ. സ്‌കൂളിലേക്ക് താൽകാലികമായി മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഗംഗാധരൻ കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. വീട് വീഴുമ്പോൾ ഗംഗാധരന്റെ ഭാര്യയും മറ്റൊരു മകനും വീടിന് പുറത്തായിരുന്നു.