തിരുവാതിരനാളിൽ പെരുമാൾക്ക് വലിയ വട്ടളം പായസം നിവേദിച്ചു

Thursday 26 June 2025 10:21 PM IST

കൊട്ടിയൂർ: കനത്ത മഴയിലും ആയിരങ്ങൾ ഒഴുകിയെത്തിയ തിരുവാതിര നാളിൽ ഈ വർഷത്തെ ആദ്യ ചതുശ്ശതം പായസം പെരുമാൾക്ക് നിവേദിച്ചു.രണ്ടാമത്തെ ചതുശ്ശതം പായസ നിവേദ്യം പുണർതം നാളായ ഇന്ന് നടത്തും.ഇന്നലെ ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് വലിയ വട്ടളത്തിലെ പായസം മണിത്തറയിൽ നിവേദിച്ചത്.

അരി, ശർക്കര, നെയ്യ്, തേങ്ങ,ജലം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തുള്ള കൂട്ടാണ് കൊട്ടിയൂരിൽ ചതുശ്ശതം പായസ നിവേദ്യത്തിന് ഉപയോഗിക്കുന്നത്. പായസം ഭഗവാന് നിവേദിച്ച ശേഷം മണിത്തറയിലും കോവിലകം കൈയാലയിലും വിതരണം ചെയ്തു.കരിമ്പനക്കൽ ചാത്തോത്ത് ഊരാളന്റെ തറവാട്ട് വകയായിരുന്നു ആദ്യ ചതുശ്ശത പായസ നിവേദ്യം.

അരി അളന്നു വാങ്ങി അമ്മ രാജ മടങ്ങി

പൂജ കഴിഞ്ഞ് ശ്രീകോവിൽ ശുചീകരിച്ചതിന് ശേഷമാണ് തൃക്കൂർ അരി അളവ് നടത്തിയത്. കോട്ടയം സ്വരൂപത്തിലെ അമ്മ രാജയ്ക്ക് പന്തീരടി കാമ്പ്രം സ്ഥാനികൻ ആദ്യം അരി അളന്നു നൽകി. സ്വർണത്തളികയിൽ അളന്നു നൽകിയ അരി കിഴിയായി കെട്ടി തലയിൽ വച്ച് വാളറയിലും അമ്മാറക്കൽ തറയിലും തൊഴുത് തിരുവൻചിറയിൽ പ്രദക്ഷിണം വച്ച് അമ്മ രാജ മടങ്ങി.പെരുമാളുടെ അനുഗ്രഹമാണ് തൃക്കൂർ അരിയളവിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം.

രാത്രിയിൽ തിരുവത്താഴപൂജയ്ക്ക് ശേഷം ക്ഷേത്രത്തിലെ പാരമ്പര്യ ഊരാളന്മാരുടെയും മറ്റ് തറവാടുകളിലെയും സ്ത്രീകൾക്കുള്ള അരിയളവ് നടത്തി.പാലക്കുന്നം സ്ഥാനികനാണ് അരിയളവ് നടത്തിയത്.അരിയളവ് കഴിഞ്ഞ് മടങ്ങിയവർ പിന്നീട് ഈ വർഷം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരാൻ പാടില്ലെന്നാണ് ആചാരം.