മദ്യപിച്ച് അഭ്യാസം, റെയിൽവേ ട്രാക്കിലൂടെ കാറിൽ ചീറിപ്പാഞ്ഞ് യുവതി
ഹൈദരാബാദ്: ട്രാക്കിലൂടെ ചീറിപ്പാഞ്ഞെത്തിയ കാർ കണ്ട് റെയിൽവേ ജീവനക്കാർ ഒരു നിമിഷം പകച്ചു. തടയാൻ ശ്രമിച്ചെങ്കിലും നിറുത്തിയില്ല. നിലവിളിച്ചുകൊണ്ട് ജീവനക്കാർ പിറകേ ഓടി. ഒടുവിൽ ട്രാക്കിന് സമീപത്തെ മരത്തിലിടിച്ച് കാർ നിന്നു. ഓടിച്ചിരുന്നത് ഒരു യുവതി. മദ്യ ലഹരിയിലായിരുന്ന യുവതിയെ ജീവനക്കാർ പിടിച്ചുവച്ച് പൊലീസിൽ ഏല്പിച്ചു.
കഴിഞ്ഞ ദിവസം തെലങ്കാനയിലാണ് സംഭവം. രംഗാ റെഡ്ഡിയിലെ ശങ്കർപള്ളിയിയിൽ കൊടംഗൽ ഗേറ്റിന് സമീപത്തെ ട്രാക്കിലായിരുന്നു ഉത്തർപ്രദേശ് സ്വദേശിയും ഐ.ടി ജീവനക്കാരിയുമായ വോമിക സോണിയുടെ (32) അഭ്യാസം. വെള്ള എസ്.യു.വി കാറിൽ ഏഴ് കിലോമീറ്ററിലധികം ഇവർ പാഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
സംഭവത്തെ തുടർന്ന് അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 15ഓളം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു. നിലവിൽ ചികിത്സയിലാണ് യുവതി. എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലെന്നാണ് ഇവരുടെ മൊഴി. യുവതിക്ക് മാനസിക പ്രശ്നമുണ്ടോ എന്നതടക്കം അന്വേഷിക്കും. അന്വേഷണം പ്രഖ്യാപിച്ച റെയിൽവേ, മദ്യലഹരിയിൽ അപകടകരമായി കാർ ഓടിച്ചതിനും റെയിൽവേ ട്രാക്കിൽ അതിക്രമിച്ചുകയറി സർവീസുകൾ തടസപ്പെടുത്തിയതിനും വസ്തുവകകൾക്ക് നാശംവരുത്തിയതിനും കേസെടുക്കും.