ശുഭം ശുഭകരം, സ്പേസ് സ്റ്റേഷനിൽ ആദ്യ ഇന്ത്യക്കാരൻ, ശുഭാംശുവിന് രണ്ടാഴ്ച പരീക്ഷണ ദിനങ്ങൾ
തിരുവനന്തപുരം: നമസ്കാരം ഫ്രം സ്പേസ്... ശുഭാംശു ശുക്ളയുടെ സന്ദേശം. പിന്നാലെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യ ഭാരതീയന്റെ പ്രവേശം. 140 കോടി ഭാരതീയരുടെ അഭിമാനം വാനംതൊട്ട നിമിഷം.
ഇന്നലെ വൈകിട്ട് ആറോടെയാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘം നിലയത്തിൽ പ്രവേശിച്ചത്. ദേശീയപതാക നെഞ്ചിൽ പതിപ്പിച്ചിരുന്നു ശുഭാംശു. ഇനി രണ്ടാഴ്ച ഇവിടെ കഴിയും. പരീക്ഷണങ്ങൾ നടത്തും.
ബുധനാഴ്ച ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ളോറിഡയിലെ കെന്നഡി സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ക്രൂഡ്രാഗൺ പേടകത്തിലാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. 28 മണിക്കൂറിന് ശേഷം ഇന്നലെ വൈകിട്ട് 3.59ന് പേടകം ബഹിരാകാശനിലയത്തിന് അടുത്തെത്തി. അഞ്ച് മീറ്റർ അകലെ നിലയുറപ്പിച്ചു. പിന്നെ പതിയെ പതിയെ നീങ്ങി ബഹിരാകാശനിലയത്തിലെ ഹാർമണി മൊഡ്യൂളിൽ ഡോക്ക് ചെയ്തു. തുടർന്ന് ഹാർഡ് കാപ്ച്ചർ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഇക്കാര്യം സ്പേസ് എക്സ് ലൈവ് ഫീഡിലൂടെ അറിയിച്ചു.
ഡ്രാഗൺ പേടകവും ബഹിരാകാശനിലയവുമായി 12 ഹുക്കുകളുപയോഗിച്ചാണ് ബന്ധിപ്പിച്ചത്. ഡോക്കിംഗിന് ശേഷം കോൺഫിഗറേഷൻ നടപടികൾ. സോഫ്റ്റ് കാപ്ച്ചർ എന്നാണിതിന് പറയുന്നത്. ഇതോടെ ഡ്രാഗൺ പേടകത്തിലെ കമ്മ്യൂണിക്കേഷൻ സംവിധാനമുൾപ്പെടെ ബഹിരാകാശനിലയത്തിന്റെ നെറ്റ്‌വർക്കിലായി.
തുടർന്ന് പ്രഷർ ലീക്ക് പരിശോധന. പിന്നാലെ ഹൂസ്റ്റണിലുള്ള മിഷൻ കൺട്രോൾ സെന്ററിൽ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ബഹിരാകാശ നിലയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശമെത്തി. ഡോക്ക് ചെയ്ത് രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് നവാഗതർ നിലയത്തിനുള്ളിലേക്ക് കടന്നത്.
അമേരിക്കയുടെ പെഗ്ഗി വിൻസൺ, പോളണ്ടിൽ നിന്നുള്ള സ്വവോസ് ഉസ്നാൻ സ്‌കിവിസ്‌നെവ്സ്‌കി, ഹംഗറിക്കാരൻ ടിബോർ കപു എന്നിവരാണ് സഹയാത്രികർ.
ഗഗൻയാന് മുമ്പൊരു
അനുഭവപാഠം
ഗഗൻയാൻ ദൗത്യ കമാൻഡറാണ് ശുഭാംശു. ഗഗൻയാൻ വിക്ഷേപണ വിജയം ഉറപ്പിക്കാനും മാനവരാശിയുടെ പുതിയ ദൗത്യങ്ങൾക്കും വേണ്ടിയുള്ള ഗവേഷണ പരീക്ഷണങ്ങളിൽ ശുഭാംശു ഏർപ്പെടും. അനുഭവ പരിചയം ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് മുതൽക്കൂട്ടാകും. സുനിതാ വില്യംസ് ഉൾപ്പെടെ ഇന്ത്യൻ വംശജർ നേരത്തേ ബഹിരാകാശനിലയത്തിൽ എത്തിയിട്ടുണ്ട്. 1984ൽ രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു.
ഞാൻവല്ലാത്ത ത്രില്ലിലാണ്. ലോഞ്ച് പേഡിൽ പേടകത്തിൽ ഇരിക്കുമ്പോൾ ഇതാ പുറപ്പെടുന്നെന്നാണ് മനസ് മന്ത്രിച്ചത്. പിന്നെ കുതിപ്പായിരുന്നു. വിസ്മയാവഹമായിരുന്നു അത്. ഒരുകുഞ്ഞിനെപ്പോലെ പഠിക്കുകയായിരുന്നു എല്ലാം. ഇന്നലെ പേടകത്തിലിരുന്ന് ഞാൻ ഒരുപാടുനേരം ഉറങ്ങിയെന്ന് സഹയാത്രികർ പറഞ്ഞു.
- ശുഭാംശുവിന്റെ സന്ദേശം