ഐ.എസ്.ഐയ്‌ക്ക് വിവരങ്ങൾ കൈമാറി: നാവികസേന ക്ലർക്ക് അറസ്റ്റിൽ

Friday 27 June 2025 1:46 AM IST

ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ചോർത്തിയെന്നും സംശയം

ന്യൂഡൽഹി: പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്‌ക്ക് നിർണായക മിലിട്ടറി വിവരങ്ങൾ കൈമാറിയെന്ന് സംശയിക്കുന്ന നാവികസേന ക്ലർക്ക് അറസ്റ്റിൽ. ജയ്‌പൂർ നാവികസേന ഭവനിലെ അപ്പർ ഡിവിഷൻ ക്ലർക്കും ഹരിയാന സ്വദേശിയുമായ വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. രണ്ടു വർഷത്തോളമായി ഇയാൾ വിവിധ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. സേനാകേന്ദ്രങ്ങളെ കുറിച്ചും,ഓപ്പറേഷൻ സിന്ദൂറിന്റെയും വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്നു. ചാരശൃംഖയിലെ മറ്റുള്ളവരെ കുറിച്ചും അന്വേഷണം മുറുകി.

ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണമാണ് നാവികസേന യു.ഡി ക്ലാർക്കിലേക്ക് എത്തിയത്. 2022ൽ ചാരവൃത്തിക്ക് അറസ്റ്റിലായ പ്രതിരോധ മന്ത്രാലയത്തിലെ ക്ലാസ് ഫോർ ജീവനക്കാരൻ രവി പ്രകാശ് മീണയുടെ ക്രിപ്റ്റോ കറൻസി ചാനൽ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു. ഇതേ ചാനലിലൂടെ വിശാലിനും പണമെത്തുന്നതായി മനസിലാക്കി. വിശാലിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. നാലു ദിവസത്തെ പൊലീസ് കസ്റ്റഡി ജയ്‌പൂർ കോടതി അനുവദിച്ചിട്ടുണ്ട്.

സമീപിച്ചത് പ്രിയങ്കാ ശർമ്മ

സാമൂഹികമാദ്ധ്യമം വഴി പരിചയപ്പെട്ട പാകിസ്ഥാൻ യുവതി പ്രിയങ്ക ശർമ്മയ്‌ക്ക് വിവരങ്ങൾ നൽകിയെന്നാണ് വിശാൽ യാദവിന്റെ മൊഴി. എന്നാലിത് ഐ.എസ്.ഐ ഏജന്റിന്റെ വ്യാജ പേരായിരിക്കുമെന്നാണ് നിഗമനം. വാട്സാപ്പ്,ടെലഗ്രാം എന്നിവ മുഖേന ഇരുവരും ആശയവിനിമയം നടത്തിയിരുന്നു. വികാസിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോൾ,മണിക്കൂറുകൾ ഇരുവരും സംസാരിച്ചിരുന്നുവെന്ന് കണ്ടെത്തി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സാമൂഹിക മാദ്ധ്യമങ്ങൾ മുഖേന ഡേറ്റ ട്രാൻസ്‌ഫർ നടന്നതായും മനസിലാക്കി. പ്രതിഫലമായി ക്ലർക്കിന് പണം ലഭിച്ചിട്ടുണ്ട്.

ഓൺലൈൻ ഗെയിമിംഗിന് അടിമ

വിശാൽ യാദവ് ഓൺലൈൻ ഗെയിമിംഗിന് അടിമയാണ്. ഓൺലൈൻ ചൂതാട്ടത്തിൽ വലിയ സാമ്പത്തിക നഷ്‌ടമുണ്ടായി. ഈ സാഹചര്യം ഐ.എസ്.ഐ മുതലെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. ജീവനക്കാരന്റെ ക്രിപ്റ്റോകറൻസി വാലറ്റിലും, നേരിട്ട് ബാങ്ക് അക്കൗണ്ടിലും പണമെത്തി.