ഉത്തരാഖണ്ഡിൽ ബസ് നദിയിൽ വീണ് 3 മരണം, ഏഴ് പേർക്ക് പരിക്ക്

Friday 27 June 2025 12:28 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് വീണ് മൂന്ന് മരണം. ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എട്ട് പേരെ കാണാതായി. 18 യാത്രക്കാരുമായി ബദരിനാഥിലേക്ക് പോവുകയായിരുന്ന ബസ് മുകളിലേക്ക് കയറുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് വീഴുകയായിരുന്നു. അതേസമയം, ബസ് നദിയിലേക്ക് വീഴുംമുമ്പ് പുറത്തേക്ക് ചാടിയവരാണ് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവുമെന്ന് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസികൾ അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയുമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. നദീതീരത്തുനിന്നും കുന്നിൻചെരുവിലൂടെയുള്ള രക്ഷാപ്രവർത്തനം അതീവദുഷ്‌കരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള കുടുംബങ്ങളാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം. വ്യാജവാർത്തകൾ പങ്കുവയ്ക്കരുതെന്നു ജനങ്ങൾക്കിടയിൽ അനാവശ്യഭീതി പരത്തരുതെന്നും ജില്ലാ ഭരണകൂടം ആഭ്യർത്ഥിച്ചു.

വടക്കേ ഇന്ത്യയിൽ പലയിടത്തും കനത്ത മഴയാണ്. ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനമുണ്ടായി. ഇതേത്തുടർന്ന് പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. കാംഗ്ര ജില്ലയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. പത്തിലധികം പേരെ കാണാതായിട്ടുണ്ട്. കുളുവിൽ മൂന്നുപേർ ഒഴുക്കിൽപെട്ടു. നിരവധി വീടുകൾ തകർന്നു.