എസ്.സി.ഒ പ്രസ്താവനയിൽ ഒപ്പിടാതെ ഇന്ത്യ
ബീജിംഗ്: ചൈനയിൽ ക്വിംഗ്ഡാവോയിൽ ചേർന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) പ്രതിരോധ മന്ത്രിതല യോഗത്തിന്റെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെ പറ്റിയുള്ള പരാമർശം ഒഴിവാക്കിയതിനെ തുടർന്നാണ് നടപടി. ഇന്ത്യയുടെ എതിർപ്പ് മൂലം സംയുക്ത പ്രസ്താവന ഒഴിവാക്കിയതായി എസ്.സി.ഒ അറിയിച്ചു.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടും പ്രസ്താവനയിൽ പ്രതിഫലിപ്പിക്കുന്നില്ല. അതേ സമയം, പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സംഘർഷങ്ങൾ പ്രസ്താവനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബലൂചിസ്ഥാനിൽ ഇന്ത്യ ഇടപെടുന്നെന്ന് പരോക്ഷമായി കുറ്റപ്പെടുത്തുന്നുമുണ്ട്.
ചൈന അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നതിനാൽ അടുത്ത സഖ്യ കക്ഷിയായ പാകിസ്ഥാന്റെ നിർദ്ദേശാനുസൃതം പഹൽഗാമിനെ ഒഴിവാക്കിയെന്നാണ് കരുതുന്നത്. അതേ സമയം, ബലൂചിസ്ഥാനിൽ ഇടപെടുന്നെന്ന പാകിസ്ഥാന്റെ ആരോപണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നു. വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നതിനു പകരം ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
യൂറേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. ചൈനയിലെ ബീജിംഗ് ആസ്ഥാനമായി 2001ൽ രൂപീകൃതമായ സംഘടനയിൽ ഇന്ത്യ, റഷ്യ, ഇറാൻ, ചൈന, ഉസ്ബക്കിസ്ഥാൻ, പാകിസ്ഥാൻ, കസഖ്സ്ഥാൻ തുടങ്ങിയവരാണ് അംഗങ്ങൾ.