മ്യാൻമറിൽ തിരഞ്ഞെടുപ്പ് ഡിസംബറിലും ജനുവരിയിലും

Friday 27 June 2025 4:41 AM IST

യാങ്കോൺ: മ്യാൻമറിൽ വരുന്ന ഡിസംബറിലും ജനുവരിയിലുമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൈന്യം അറിയിച്ചു. വോട്ട് ഘട്ടം ഘട്ടമായി നടത്താനാണ് ആലോചന. 2021 ഫെബ്രുവരിയിൽ ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏ‌ർപ്പെടുത്തുകയായിരുന്നു.

മുൻ സർക്കാരിലെ അംഗങ്ങൾ നിലവിൽ തടവിലാണ്. പ്രതിപക്ഷ ഗ്രൂപ്പുകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പറയുന്നു. രാജ്യത്തിന്റെ വലിയ ഒരു ഭാഗം പട്ടാള ഭരണകൂടത്തിനെതിരായ വിമതരുടെ നിയന്ത്രണത്തിലുമാണ്. ഈ സാഹചര്യത്തിൽ നീതിയുക്തമായ തിരഞ്ഞെടുപ്പ് അസാദ്ധ്യമെന്നാണ് നിരീക്ഷകർ പറയുന്നത്.