ട്രംപിനെ തള്ളി ഖമനേയി: ഇസ്രയേലിനെതിരെ ഇറാന് ജയം, അമേരിക്കയുടെ മുഖത്തേറ്റ അടി
ടെഹ്‌റാൻ: ഇറാൻ ഇസ്രയേലിന് മേൽ വിജയം നേടിയെന്നും അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണിതെന്നും ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇറാനിലെ ആണവ ശേഷി നശിപ്പിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഖമനേയി തള്ളുകയും ചെയ്തു. ചൊവ്വാഴ്ച ഇറാൻ-ഇസ്രയേൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്ന ശേഷം ഖമനേയി നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്.
രാജ്യത്തിനായി പോരാടിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ ഖമനേയി പറഞ്ഞു. 'ഇസ്രയേൽ പൂർണമായും ഇല്ലാതാകും എന്ന ഘട്ടമെത്തിയതോടെയാണ് യു.എസ് നേരിട്ട് യുദ്ധത്തിനിറങ്ങിയത്. യു.എസിന് ഈ യുദ്ധം കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല. യു.എസ് ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ ഒന്നും സംഭവിച്ചില്ല.
സംഘർഷ സമയം രാജ്യത്തെ ജനങ്ങൾ ഒന്നിച്ചു നിന്നു. ജനങ്ങൾക്ക് ഒറ്റ ശബ്ദമാണെന്ന സന്ദേശം നൽകി. യു.എസിന്റെ ശരിക്കുമുള്ള ലക്ഷ്യം ആണവ വിഷയം ആയിരുന്നില്ല. മറിച്ച് തങ്ങളെ കീഴടക്കുക എന്നതായിരുന്നു. കീഴടങ്ങുക എന്ന വാക്ക് തങ്ങളുടെ നിഘണ്ടുവിൽ ഇല്ല"-ഖമനേയി പറഞ്ഞു. പ്രകോപനമുണ്ടായാൽ മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക ബേസുകൾ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇസ്രയേലുമായി സംഘർഷം തുടങ്ങിയ ശേഷം ബങ്കറിലേക്ക് മാറിയ ഖമനേയി ഈ മാസം 18നാണ് അവസാനമായി വീഡിയോ സന്ദേശം പുറത്തുവിട്ടത്. ഖമനേയിക്ക് ആപത്ത് സംഭവിച്ചോ എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ദേശീയ ടെലിവിഷനിലൂടെ സന്ദേശം പുറത്തുവിട്ടത്. ജൂൺ 13 മുതൽ 12 ദിവസം നീണ്ട സംഘർഷത്തിനിടെ 627 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 28 പേരും കൊല്ലപ്പെട്ടു.
ചരിത്ര വിജയമെന്ന് യു.എസ്
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം 'ചരിത്ര വിജയം" എന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. ഇറാന്റെ ആണവ ശേഷി നശിപ്പിച്ചെന്ന് ഹെഗ്സേത്ത് ആവർത്തിച്ചു. യു.എൻ, അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എ തുടങ്ങിയവയുടെ വിലയിരുത്തലുകളിൽ ഇക്കാര്യം വ്യക്തമാണെന്നും ഹെഗ്സേത്ത് ചൂണ്ടിക്കാട്ടി.
നെതന്യാഹു മഹാൻ: ട്രംപ്
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസിന്റെ വിചാരണ ഉപേക്ഷിക്കണമെന്ന് ട്രംപ്. നെതന്യാഹു ഇസ്രയേലിന് നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രസ്താവന. നിയമ നടപടികൾ നെതന്യാഹുവിനെതിരെയുള്ള വേട്ടയാടൽ ആണെന്നും പറഞ്ഞു. നെതന്യാഹുവിനെ മഹാൻ എന്നും യോദ്ധാവെന്നും ട്രംപ് വിശേഷിപ്പിച്ചു. 2019ലാണ് നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തിയത്. ആരോപണം നെതന്യാഹു നിഷേധിച്ചിരുന്നു.