അഖിൽ c/o റാം ആനന്ദി
സാധാരണക്കാരന്റെ സംസാര ഭാഷയിൽ കഥ പറഞ്ഞ് നാലുലക്ഷം കോപ്പികളും 54 എഡിഷനുകളും പിന്നിട്ട് 'റാം c/o ആനന്ദി" തുടരുന്ന ജൈത്രയാത്ര, പുതുതലമുറയിൽ വായന മരിച്ചിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ്. ഒറ്റ വായനയിൽ കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ കഥാപരിസരം സീനുകളായി മനസിലേക്ക് ഓടിയെത്തുന്ന സിനിമാറ്റിക് അവതരണം. ഹിറ്റ് മേക്കറായി കേന്ദ്ര സാഹിത്യ അക്കാഡമിയുടെ യുവ പുരസ്ക്കാരം തേടിയെത്തിയപ്പോൾ ഒപ്പം വിവാദങ്ങളും പിന്തുടർന്നെത്തിയെങ്കിലും സാധാരണക്കാരിൽ സാധാരണക്കാരായ വായനക്കാരുടെ പിന്തുണയാണ് അഖിൽ പി. ധർമ്മജൻ എന്ന യുവ എഴുത്തുകാരന്റെ ശക്തി. പൈങ്കിളി സാഹിത്യമെന്ന് വിമർശിക്കുന്നവർ കുട്ടികളുടെ പ്രശ്നങ്ങളും മനുഷ്യക്കടത്തും അടക്കമുള്ള ഗൗരവമേറിയ വിഷയങ്ങൾ നോവൽ ചർച്ച ചെയ്യുന്നത് കാണാതെ പോകുന്നുണ്ട്.
ഇന്ന് വായനക്കാരുടെ കൈകളിലുള്ള 'റാം c/o ആനന്ദി" കൊവിഡ് കാലത്ത് അഖിൽ പൂർണമായും പൊളിച്ചെഴുതിയതാണ്. ആദ്യം എഴുതിയ മുഴുവൻ അദ്ധ്യായങ്ങളും ഗൂഗിൾ ഡ്രൈവിലാക്കിയ ശേഷം കഥ ആദ്യന്തം പുനരാവിഷ്കരിച്ചു. അതു നന്നായെന്ന് ഇപ്പോൾ അഖിലും കരുതുന്നു. ബാലപുസ്തകങ്ങളും, സ്കൂളിലെ മലയാളം രണ്ടാം പേപ്പർ പാഠപുസ്തകത്തിലെ കഥകളും വായിച്ച പരിചയത്തിൽ നാലാം ക്ലാസിൽ തുടങ്ങിയതാണ് അഖിലിന്റെ എഴുത്ത്. ഏഴാം ക്ലാസെത്തിയപ്പോൾ ദ്വീപ് പ്രമേയമാക്കി ആദ്യ നോവൽ എഴുതി. പഠിക്കാൻ വിടുന്ന നേരത്ത് കഥയെഴുതി നടക്കുന്ന മകന്റെ ഭാവി തുലാസിലാകുമെന്നു പേടിച്ച് ലോട്ടറി കച്ചവടക്കാരനായ അച്ഛൻ ധർമ്മജൻ എഴുത്തിന് വിലക്കേർപ്പെടുത്തി കഥകൾ നശിപ്പിച്ചുകളഞ്ഞിട്ടും, അഖിൽ എഴുതിക്കൊണ്ടേയിരുന്നു.
എഴുത്തും
വില്പനയും
പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് 'ഓജോ ബോർഡ്" നോവൽ പൂർത്തിയാക്കിയത്. പല പ്രസാധകരെ ബന്ധപ്പെട്ടിട്ടും നിരാശയായിരുന്നു ഫലം. മലയാളം ടൈപ്പിംഗ് പഠിച്ച് കഥ ഓരോ അദ്ധ്യായമായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ലൈക്കുകളോ കമന്റുകളോ ലഭിക്കാതെ, ഉദ്യമം അവസാനിപ്പിക്കാമെന്ന് കരുതിയിരിക്കെ, ഏഴാം അദ്ധ്യായം പോസ്റ്റ് ചെയ്ത വേളയിൽ ആദ്യമായൊരു പ്രതികരണം കിട്ടി. യു.ഐ.ടി വിദ്യാർത്ഥി വിഷ്ണുവായിരുന്നു കഥ രസകരമെന്ന ആദ്യ കമന്റ് നൽകിയത്. ഒരാളെങ്കിലും വായനക്കാരനായുണ്ടെന്ന ശുഭവിശ്വാസത്തിൽ അടുത്ത അദ്ധ്യായങ്ങളും പോസ്റ്റ് ചെയ്തു. 37 അദ്ധ്യായങ്ങൾ അപ്‌ലോഡ് ചെയ്തു തീർന്നപ്പോഴേക്കും വായനക്കാരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞിരുന്നു.
നോവൽ പുസ്തകമായി ഇറക്കണമെന്ന് വായനക്കാരാണ് നിർദ്ദേശിച്ചത്. വായനക്കാർ ചേർന്ന് 'ഓജോ ബോർഡ്" എന്ന ഗ്രൂപ്പുണ്ടാക്കി സമാഹരിച്ച അമ്പതിനായിരം രൂപയാണ് ആദ്യ കൈമുതൽ. ഡി.ടി.പി മുതൽ തുടങ്ങുന്ന ജോലികൾ ഈ തുകയ്ക്ക് ഒതുങ്ങില്ലെന്ന് മനസിലാക്കിയതോടെ അമ്മ മഹേശ്വരി നൽകിയ വള പണയം വച്ച് ലാപ്ടോപ് വാങ്ങി എല്ലാ അദ്ധ്യായങ്ങളും അച്ചടിക്കു വേണ്ടുന്ന വിധത്തിൽ സ്വയം ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്തു. അപ്പോഴും പുസ്തകം സ്വീകരിക്കാൻ ബുക്ക് സ്റ്റാളുകൾ തയാറായില്ല.
ആയിരം പുസ്തകങ്ങൾ ഒരുമിച്ചു സൂക്ഷിക്കുന്നത് വീടിനുള്ളിലെ പരിമിതികളിൽ വെല്ലുവിളിയായതോടെ പുസ്തകങ്ങൾ ബാഗിലാക്കി ആലപ്പുഴ ബസ് സ്റ്റാൻഡിലേക്കു പോയി. ഓരോ യാത്രക്കാരനു മുന്നിലേക്കും പുസ്തകം നീട്ടി. പിന്നെ ട്രെയിൻ കയറി വിവിധ ജില്ലകളിലേക്കും യാത്ര ചെയ്ത് ആയിരം കോപ്പികളും വിറ്റഴിച്ചു. വില്പനയിൽ നിന്നു കിട്ടിയ ലാഭം ചേർത്ത് തുടർ എഡിഷനുകളും പ്രസിദ്ധീകരിച്ചു. രണ്ടാം പുസ്തകമായ 'മെർക്കുറി ഐലൻഡും" സമാനമായാണ് വിറ്റു തുടങ്ങിയത്.
വായനക്കാർ തേടിയെത്തിയതോടെ ഒരിക്കൽ പറഞ്ഞുവിട്ട ബുക്ക് സ്റ്റാളുകൾ ഒറ്റയടിക്ക് 500 പുസ്തകങ്ങൾ വരെ ഏറ്റെടുത്തു. 'റാം c/o ആനന്ദി"യിലേക്ക് എത്തിയതോടെ പുസ്കകം പബ്ലിഷ് ചെയ്യാൻ പ്രസാധകരുടെ പിടിവലിയായി. ഓൺലൈൻ സൈറ്റുകളിൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതായി സ്ഥാനം പിടിച്ചു. വല്ലപ്പോഴും മാത്രം വായിക്കുന്ന വലിയൊരു വിഭാഗത്തെ ലക്ഷ്യമിട്ടാണ് തന്റെ എഴുത്തുകളെന്ന് അഖിൽ പറയുന്നു. നൂറ് വായനക്കാരിൽ പത്തു പേരാണ് വായനയെ ഗൗരവത്തോടെ സമീപിക്കുന്നത്. ബാക്കി 90 ശതമാനം പേരാണ് തന്റെ വായനക്കാർ. സിനിമയിലേക്ക് നിരവധി അവസരങ്ങൾ വന്നിട്ടും നോവലെഴുത്തിനോടുള്ള പ്രിയംകൊണ്ട് വേണ്ടെന്നു വച്ചിട്ടുണ്ട്. സിനിമ സമയബന്ധിതമായി കൂട്ടായ്മയോടെ ചെയ്യേണ്ടതാണ്. എന്നാൽ നോവലെഴുത്ത് സ്വാതന്ത്ര്യത്തോടെ സ്വന്തം ഇഷ്ടത്തിനും സൗകര്യപ്രദമായും ചെയ്യാമെന്നതാണ് മേന്മയായി കാണുന്നതെന്ന് അഖിൽ പറയുന്നു.
കവർ പേജ്
മുതൽ ഹിറ്റ്
പുന്നപ്ര സ്വദേശി ഹരിൻ തയാറാക്കിയ 'റാം c/o ആനന്ദി"യുടെ കവർ പേജ് സോഷ്യൽ മീഡിയയിൽ വർഷങ്ങളായി ഹിറ്റ് ലിസ്റ്റിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയ്ക്കു വേണ്ടിയുള്ള പോസ്റ്ററിന് പ്രമേയം പുസ്തകത്തിന്റെ കവർ പേജായിരുന്നു. മിൽമ, അമുൽ, കേരള പൊലീസിന്റെ ഔദ്യോഗിക പേജ് എന്നിങ്ങനെ നീളുകയാണ് കവർ പേജിന്റെ വ്യത്യസ്ത ഭാവങ്ങൾ. ചെന്നൈ നഗരത്തിലെ ജീവിതങ്ങളും വൈവിദ്ധ്യങ്ങളും നോവലിൽ വായിച്ചെടുക്കാം. ഒരു സിനിമ കാണുന്നതുപോലെ വായിച്ചിരിക്കാൻ കഴിയുന്നു എന്നതാണ് നോവലിനെ ഇത്രത്തോളം ജനകീയമാക്കിയത്.
ജനപ്രീതി കൂടിവന്ന നാൾ മുതൽ തളർത്താനുള്ള ശ്രമങ്ങളും നടന്നിരുന്നു. സോഷ്യൽ മീഡിയയിൽ മോശം പരാമർശങ്ങളും, നോവലിന്റെ വ്യാജ പി.ഡി.എഫ് പതിപ്പും പ്രചരിപ്പിച്ചായിരുന്നു തുടക്കകാലത്തെ ആക്രമണങ്ങൾ. മനുഷ്യക്കടത്തിന്റെ നോവു വഴികളെയും പരാമർശിക്കുന്ന നോവൽ 2019 ജൂലായ് 17-ന് കേരളകൗമുദി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുനമ്പം മനുഷ്യക്കടത്ത് സംബന്ധിച്ച വാർത്തയോടെയാണ് അവസാനിക്കുന്നത്.
പെട്രോൾ പമ്പിൽ
തുടക്കം
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പെട്രോൾ പമ്പിലെത്തുന്ന കാറുകളുടെ ഫ്രണ്ട് ഗ്ളാസ് തുടയ്ക്കാൻ പോയിരുന്ന കുട്ടി. ഒമ്പതാം ക്ലാസിൽ പെട്രോൾ അടിക്കാൻ പമ്പിൽ നിന്നതോടെ പതിനെട്ടു വയസ് തികയാത്ത കുട്ടിയെ ജോലിക്ക് നിർത്തിയത് വിവാദമായി വരുമാനം നിലച്ചു. ഇതോടെ അവധി ദിവസങ്ങളിൽ കാറ്ററിംഗ് സംഘത്തിനൊപ്പം വിളമ്പുകാരനായി പോയി. വിദേശത്തെ ജോലി സാദ്ധ്യതകൾ മുൻനിറുത്തിയാണ് മെക്കാനിക്കൽ ഐ.ടി.ഐ ബിരുദം നേടിയത്. ഒന്നരവർഷത്തോളം മെക്കാനിക്കായി ജോലി ചെയ്തപ്പോഴും എഴുത്താണ് തന്റെ മേഖലയെന്ന് മനസ് മന്ത്രിച്ചു. കൈത്തണ്ടയിൽ 'writer" എന്ന് പച്ചകുത്തി തന്റെ പാത ഉറപ്പിച്ചു. അമ്മ മഹേശ്വരിയാണ് വലിയ പിന്തുണ നൽകിയത്.
ചെന്നൈ പശ്ചാത്തലമാക്കി കഥ എഴുതാൻ മോഹവുമായി ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ അഡ്മിഷൻ നേടിയാണ് പുറപ്പെട്ടത്. അവിടെയും കുടുംബത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കില്ലെന്ന വാശിയുണ്ടായിരുന്നു. ഹോട്ടലുകളിൽ പച്ചക്കറി അരിഞ്ഞും, ഇവന്റുകൾക്ക് ബലൂണുകൾ വീർപ്പിച്ചും, വിവാഹവേദികളിൽ വിളമ്പുകാരനായും ഫീസിനും താമസത്തിനുമുള്ള വരുമാനം കണ്ടെത്തി. റാം c/o ആനന്ദി എഴുതുന്ന സമയത്താണ് (2018) 'എവരിവൺ ഈസ് ഹീറോ" എന്ന മലയാള സിനിമയുടെ തിരക്കഥയൊരുക്കാൻ ജൂഡ് ആന്റണി ജോസഫ് വിളിക്കുന്നത്. അങ്ങനെ സിനിമയിലെ ആദ്യ കൈവയ്പും സൂപ്പർഹിറ്റായി. റെയിൽവേ അടിസ്ഥാനമാക്കിയുള്ള പുതിയ ഹൊറർ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലാണ് അഖിൽ. ഒപ്പം ആലപ്പുഴ പശ്ചാത്തലമായ നോവലിനുള്ള ഗവേഷണങ്ങളും നടക്കുന്നു.
തനിയെ നടന്ന
വഴികൾ
പരമ്പരാഗത മാർഗങ്ങളിൽ നിന്ന് വേറിട്ടുള്ളതായിരുന്നു അഖിലിന്റെ യാത്രകൾ. അതിന് കൃത്യമായ കാരണങ്ങളുമുണ്ട്. ആദ്യ നോവൽ പ്രകാശനം ചെയ്യാൻ തിരക്കിയ ഹാളിന് ഇരുപതിനായിരം രൂപ വാടകയെന്നത് അഖിലെന്ന സാധാരണക്കാരന് അപ്രാപ്യമായിരുന്നു. അങ്ങനെയാണ് 'ഓജോ ബോർഡ്" പ്രകാശനം ആലപ്പുഴയിലെ ചുടുകാട് ശ്മശാനത്തിൽ നടത്തിയത്. അഖിലിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മുന്നൂറോളം പേർ പ്രകാശന ചടങ്ങിനെത്തി. എല്ലാവരും കരഞ്ഞുമടങ്ങുന്ന ശ്മശാനത്തിൽ അഖിൽ എഴുത്തിന്റെ നാമ്പ് മുളപ്പിച്ചു. 'മെർക്കുറി ഐലൻഡി"ന്റെ പ്രകാശനം പാതിരാമണൽ ദ്വീപിലായിരുന്നു. 'റാം c/o ആനന്ദി" ചെന്നൈ റെയിൽവേ സ്റ്റേഷനിലും, 'രാത്രി 12ന് ശേഷം" എന്ന നോവൽ കോഴിക്കോട്ടെ പൊതുശ്മശാനമായ സ്മൃതിപഥത്തിൽ അർദ്ധരാത്രിയിലുമാണ് പ്രകാശനം ചെയ്തത്.
അച്ഛനെപ്പോലും പേരെടുത്തു പറഞ്ഞുള്ള വിമർശനങ്ങൾ കുടുംബത്തെ ഏറെ സങ്കടപ്പെടുത്തിയതാണ് അഖിലിന്റെ ഏക വിഷമം. 'കട്ടി സാഹിത്യം എഴുതി വായനക്കാരനെ കൺഫ്യൂഷനാക്കാൻ താത്പര്യമില്ല. സിമ്പിൾ ഭാഷയേ എഴുതാനറിയൂ. വിമർശനങ്ങളെ എതിർക്കുന്നില്ല. പക്ഷേ, ഒരുപാട് കടന്നാക്രമിക്കുക എന്നത് ആരുടെയും സ്വാതന്ത്ര്യമല്ല."- അഖിൽ നിലപാട് വ്യക്തമാക്കുന്നു. അച്ഛൻ ധർമ്മജൻ, അമ്മ മഹേശ്വരി, സഹോദരൻ അമൽ, ജേഷ്ഠത്തി ഷേർളി, മക്കളായ അയാൻ, അയ്റ എന്നിവർക്കൊപ്പം കലവൂരിലെ 'കഥ" വീട്ടിൽ പുത്തൻ കഥകൾ ഒരുക്കുകയാണ് അഖിൽ.