'ജാനകി എന്ന പേരിനെന്താ കുഴപ്പം?'; ജെഎസ്‌കെ വിവാദത്തിൽ സെൻസർ ബോഡിനോട് ഹൈക്കോടതി
കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ റിലീസുമായി ബന്ധപ്പെട്ട കേസിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. നേരത്തെയും സമാനമായ പേരുകളിൽ സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോൾ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സെൻസർബോർഡും റിവൈസിംഗ് കമ്മിറ്റിയും ജെഎസ്‌കെയ്‌ക്ക് അനുമതി നിഷേധിച്ച കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പേരെന്നും 16 വയസിന് താഴെയുള്ള കുട്ടികൾക്ക് കാണുന്നതിന് വിലക്കുണ്ടെന്നുമായിരുന്നു സെൻസർ ബോർഡിന്റെ വാദം. തുടർന്ന് സെൻസർ ബോർഡ് തീരുമാനത്തിന്റെ പകർപ്പ് തിങ്കളാഴ്‌ച ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.
പേര് മാറ്റാതെ പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതായി സംവിധായകൻ പ്രവീൺ നാരായണൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും പേരിലെ ജാനകി മാറ്റാൻ റിവൈസിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടെന്ന് സംവിധായകൻ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്.
അതേസമയം, വിവാദങ്ങളിൽ പ്രതികരണവുമായി ഫെഫ്‌കയും രംഗത്തെത്തിയിരുന്നു. സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിലാണെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സമ്മർദത്തിന് വഴങ്ങി പേര് മാറ്റിയാൽ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.