കൊൽക്കത്തയിൽ നിയമവിദ്യാ‌ർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി, സഹപാഠികൾ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

Friday 27 June 2025 3:26 PM IST

കൊൽക്കത്ത: സൗത്ത് കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്​റ്റിലായി. കസ്ബയിൽ ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽ വച്ചാണ് വിദ്യാർത്ഥിനി പീഡനത്തിനിരയായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖർജി (20), ജീവനക്കാരനായ മനോജിത് മിശ്ര (31) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ടെന്നും വൈദ്യപരിശോധന ഉൾപ്പടെയുളളവ നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കോളേജിൽ നടന്നത് ഗുരുതരമായ സംഭവമാണെന്ന് കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. കൊൽക്കത്തിയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നത്.

പ്രതികൾ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ പകർത്തിയതായും സഹകരിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നൽകി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ യുവതിയെ ഹോക്കി സ്​റ്റിക്കുപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളേജിലെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിംഗിന്റെ മുൻ പ്രസിഡന്റാണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ആരോപിക്കുന്നത്. നിലവിൽ ഇയാൾ അഭിഭാഷകനാണ്. സംഭവത്തെ അപലപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഭീകരമായ സംഭവമാണ് നടന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.