നീല വീപ്പയ്‌ക്കുള്ളിൽ കഴുത്തും കാലുകളും ചേർത്ത് കെട്ടി ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം
ചണ്ഡീഗഡ്: മീററ്റിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്ന് വീപ്പയ്‌ക്കുള്ളിലാക്കിയ ഞെട്ടിക്കുന്ന സംഭവം നമുക്കിപ്പോഴും ഓർമ്മയുണ്ടാകും. ഇതിന് സമാനമായി മറ്റൊരു സംഭവത്തെക്കുറിച്ചുള്ള വിവരം ഇപ്പോൾ പുറത്തുവരുന്നുണ്ട്. നീല വീപ്പയ്‌ക്കുള്ളിൽ ബെഡ്‌ഷീറ്റിലും പ്ളാസ്‌റ്റിക്കിലും പൊതിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.
പുതപ്പിലും പ്ളാസ്റ്റിക്കിലും പൊതിഞ്ഞ മൃതദേഹത്തിൽ കഴുത്തും കാലും തമ്മിൽ ചേർത്തുകെട്ടിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ രീതി ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. പ്രദേശത്ത് നിന്നും ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുകയും പൊലീസിനെ അറിയിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീപ്പ ലഭിച്ചത്.
മരിച്ചയാൾ ഒരു അന്യസംസ്ഥാന തൊഴിലാളിയാണെന്ന് കരുതുന്നതായി പ്രദേശത്തെ എസ്‌എച്ച്ഒ കുൽവന്ദ് കൗർ വ്യക്തമാക്കി. മരിച്ചയാളുടെ ശരീരത്തിലെവിടെയും മുറിവുകളോ പാടുകളോ ഇല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
പുതിയ നീല നിറമുള്ള വലിയ വീപ്പയാണ് സ്ഥലത്ത് നിന്നും ലഭിച്ചത്. 42ഓളം വീപ്പ നിർമ്മാണ യൂണിറ്റുകളെ തിരിച്ചറിഞ്ഞെന്നും അവരെ സംഭവത്തിൽ ചോദ്യം ചെയ്‌തെന്നും പൊലീസ് അറിയിച്ചു. സ്ഥലത്ത് കാണാതായ ആളുകളുടെ പട്ടികയെടുത്ത് അവരുടെ ശാരീരിക ഭാഗങ്ങളുമായി മൃതദേഹത്തെ താരതമ്യം ചെയ്‌ത് നോക്കുകയാണ്.
ഈ വർഷം ആദ്യം മീററ്റിൽ സൗരഭ് രാജ്‌പുത് എന്ന യുവാവിന്റെ മൃതദേഹാവശിഷ്‌ടങ്ങൾ നീലനിറത്തിലെ വീപ്പയ്‌ക്കുള്ളിലാക്കി വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ ഭാര്യ മുസ്‌കാൻ രസ്‌തോഗിയും ഇവരുടെ കാമുകൻ സഹിൽ ശുക്ളയും ചേർന്നാണ് കൊലപ്പെടുത്തിയത്. മാർച്ച് മൂന്നിനായിരുന്നു സംഭവം. ഫെബ്രുവരി 24ന് ജോലികഴിഞ്ഞ് മീററ്റിലെ വീട്ടിൽ അവധിക്കെത്തിയ സൗരഭിനെ മാർച്ച് മൂന്നിന് നെഞ്ചിലിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് വീപ്പകളിലാക്കുകയായിരുന്നു. മാർച്ച് 18ന് മുസ്‌കാൻ വിവരം തന്റെ മാതാപിതാക്കളോട് വെളിപ്പടുത്തിയപ്പോൾ മാത്രമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.