രണ്ടിടങ്ങളിൽ ആധുനിക ഫുട്ബാൾ ടർഫുകൾ........ നാട്ടിൻപുറത്തെ കളിയ്‌ക്ക്  ഇനി പ്രൊഫഷണൽ ടച്ച്

Saturday 28 June 2025 1:24 AM IST

കോട്ടയം : കായികവകുപ്പിന്റെ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി മണിലയിലും, വൈക്കം അക്കരപ്പാടത്തും ആധുനിക ടർഫുകൾ ഒരുങ്ങി. അക്കരപ്പാടം ഗവൺമെന്റ് യു.പി സ്‌കൂളിലും , മണിമല പഞ്ചായത്ത് ഗ്രൗണ്ടിലുമാണ് ഫുട്‌ബാൾ പ്രേമികൾക്കായി ടർഫ് നിർമ്മിച്ചത്. രാജ്യാന്തര ഫുട്‌ബാൾ ഫെഡറേഷന്റെ മാനദണ്ഡപ്രകാരമാണ് നിർമ്മാണം. അക്കരപ്പാടത്തെ ടർഫിന് 48 മീറ്റർ നീളവും, 20 മീറ്റർ വീതിയുമുണ്ട്. 65 സെന്റിൽ കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും സി.കെ ആശയുടെ എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിച്ചത്. കൂടാതെ ലൈറ്റുകൾ സജ്ജീകരിക്കാനായി എം.എൽ.എ ഫണ്ടിൽനിന്ന് 10 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. മണിമലയിൽ കായികവകുപ്പിന്റെ 50 ലക്ഷം രൂപയും ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ എം.എൽ.എ. ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചെലവിട്ടാണ് നിർമാണം. 50 മീറ്റർ നീളവും, 30 മീറ്റർ വീതിയുമുണ്ട്.

ജില്ലയിൽ ആറു കളിക്കളങ്ങൾ

പദ്ധതി പ്രകാരം ജില്ലയിൽ ആറ് കളിക്കളങ്ങളാണ് ഒരുങ്ങുന്നത്. പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളിലെ നിർമാണം നടക്കുകയാണ്. ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവടങ്ങളിലെ നിർമ്മാണം ഉടൻ ആരംഭിക്കും. ടർഫ് നിർമ്മിച്ചെങ്കിലും മണിമല സ്റ്റേഡിയം കാടുപിടിച്ചു കിടക്കുകയാണ്. ചെളി ശല്യവുമുണ്ട്. ഇവ നീക്കി പരിസരം വൃത്തിയാക്കണം. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായ ഇവിടെ മറ്റ് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.

സാധാരണക്കാർക്ക് പ്രയോജനകരം

 സ്വകാര്യ ടർഫുകളെ ആശ്രയിക്കേണ്ട

നാട്ടിലെ കായിക താരങ്ങളെ വാർത്തെടുക്കാം

 സ്ഥലസൗകര്യമില്ലെന്ന പരാതി ഒഴിവാകും

ഒഴിവുവേളകൾ കൂടുതൽ പ്രയോജനപ്പെടുത്താം

2 കളിക്കളങ്ങളുടെ ചെലവ് 2 കോടി