എന്നെ സ്നേഹിക്കാൻ ഒരാൾ വേഗം വരട്ടേ എന്ന് വീണ നായർ

Saturday 28 June 2025 3:26 AM IST

രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന വർത്തകളോട് പ്രതികരിച്ച് നടി വീണ നായർ. ''അതൊക്കെ വെറുതേ ആളുകൾ പറയുന്നതാണ്. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അത് ഒരാവശ്യമാണ്. കുടുംബ ജീവിതം എനിക്ക് ഭയങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും.

സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ വന്നാൽ ഉറപ്പായും വിവാഹത്തെക്കുറിച്ച് ആലോചിക്കും. അങ്ങനെയൊരാൾ വരണമെന്ന് ആഗ്രഹമുണ്ട്. ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ, പോട്ടെ, സാരമില്ല എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന, എന്റെ അച്ഛനെപ്പോലെ എന്നെ സ്‌നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അച്ഛനും അമ്മയമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്‌നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു'', വീണ നായർ പറഞ്ഞു.

നമ്മളെ നന്നായി സ്‌നേഹിക്കുന്നവർക്കേ നമ്മളെ നന്നായി വേദനിപ്പിക്കാനാകൂ . നമ്മൾ നന്നായി വിശ്വസിക്കുന്നവർക്ക് മാത്രമേ നമ്മളെ ചതിക്കാനാകൂ. ഞാൻ കർമയിലാണ് വിശ്വസിക്കുന്നത്. സ്വർഗവും നരകവുമൊക്കെ ഇവിടത്തന്നെയാണ്'', വീണ നായരുടെ വാക്കുകൾ.