എസ്.എ.ടി ബ്ളോക്ക് നോക്കുകുത്തിയാവരുത്

Saturday 28 June 2025 4:42 AM IST

ശ്രീചിത്ര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാൾ എന്ന എസ്.എ.ടി ആശുപത്രി സ്ഥാപിച്ചത്. കേരളത്തിന്റെ കായികശില്പി എന്ന് അറിയപ്പെടുന്ന കേണൽ ഗോദവർമ്മരാജയുടെ മകൻ അവിട്ടം തിരുനാൾ രാജകുമാരൻ ആറാം വയസിൽ അകാലചരമമടഞ്ഞതാണ് ആ പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ഒരു ആശുപത്രി സ്ഥാപിക്കണമെന്ന തീരുമാനത്തിനിടയാക്കിയത്. ഇതിനായി ഏറ്റെടുത്ത, ഇപ്പോൾ ആശുപത്രി നിൽക്കുന്ന സ്ഥലം നവോത്ഥാന നായകനായ ഡോ. പൽപ്പുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥലമായിരുന്നു എന്ന് ഡോ. പി. വിനയചന്ദ്രൻ എഴുതിയ 'കേരളത്തിന്റെ ചികിത്സാചരിത്രം" എന്ന പുസ്‌തകത്തിൽ പറയുന്നുണ്ട്. 1945 ജൂലായ് 13ന് മദ്രാസ് ഗവർണർ സർ ആർതർ ഹോപ്പാണ് ആശുപത്രിക്ക് തറക്കല്ലിട്ടത്. തിരു - കൊച്ചി സംസ്ഥാനം രൂപീകരിച്ചതിനുശേഷം അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി രാജകുമാരി അമൃത് കൗർ 1952 ജനുവരി എട്ടിന് ആശുപത്രി ഉദ്ഘാടനം ചെയ്തു.

140 കുട്ടികളെയും 200 സ്‌ത്രീകളെയും ഒരേസമയം കിടത്തി ചികിത്സിക്കാവുന്ന ആശുപത്രിയാണ് നിർമ്മിച്ചത്. അന്നത്തെ നിലയിൽ അത് ഒരു വലിയ ആശുപത്രി തന്നെയായിരുന്നു. പിന്നീട് പ്രസവ ചികിത്സയിലും ശിശുചികിത്സയിലും ഇന്ത്യയിലെ തന്നെ ഏറ്റവും പേരുകേട്ട, സാധാരണക്കാരായ സ്‌ത്രീകളുടെയും കുട്ടികളുടെയും രക്ഷാകേന്ദ്രമായ ആശുപത്രിയായി വളരുകയായിരുന്നു. ഇന്നിപ്പോൾ പ്രതിവർഷം ആയിരത്തിലേറെ പ്രസവങ്ങളും മൂവായിരത്തിലേറെ സിസേറിയനുകളും ഗൈനക്കോളജിയുമായി ബന്ധപ്പെട്ട രണ്ടായിരത്തിലേറെ മേജർ ശസ്ത്രക്രിയകളും നടക്കുന്ന ആശുപത്രിയാണ് എസ്.എ.ടി. ചികിത്സയ്ക്ക് എത്തുന്നവരുടെ തിരക്കു കാരണം ഏറ്റവും കൂടുതൽ വീർപ്പുമുട്ടുന്ന ആശുപത്രിയായതോടെയാണ് പുതിയ ബ്ളോക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. മുപ്പതുകോടി മുടക്കി എൻ.എച്ച്.എം മൂന്നുനില കെട്ടിടം നിർമ്മിക്കുകയും ഒമ്പതു വർഷം മുമ്പ് ഉദ്ഘാടനം നടത്തുകയും ചെയ്തു.

ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകളും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. താഴത്തെ നില ഗൈനക്കോളജി ഒ.പിക്കായി ഉപയോഗിക്കുന്നുണ്ട്. മുകളിലത്തെ നിലകളിൽ ലേബർ റൂമും ഐ.സി.യുവും ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കാതിരിക്കുന്നത് ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് തന്നെയാണെന്നു വേണം കരുതാൻ. കോടികൾ മുടക്കി സ്ഥാപിച്ച ലേബർ റൂം, നവജാത ശിശുക്കളുടെ ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തുരുമ്പെടുത്ത് നശിക്കുകയാണ്. അത്യാധുനിക യന്ത്രങ്ങൾ സ്ഥാപിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞതിനാൽ വാറന്റിയും തീർന്നിരിക്കുകയാണ്. നിലവിലെ പഴയ ബ്ളോക്കിൽ തിക്കും തിരക്കും കാരണം ആളുകൾ വരാന്തയിൽ വരെ കിടക്കുമ്പോഴാണ്,​ തൊട്ടരികിൽ രണ്ടു നിലകൾ വെറുതേ ഒഴിച്ചിട്ടിരിക്കുന്നത്. പഴയ ബ്ളോക്കുമായി ബന്ധിപ്പിക്കാനുള്ള റാമ്പില്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് പുതിയ കെട്ടിടത്തെ നശിപ്പിക്കുന്നത്.

റാമ്പില്ലെങ്കിൽ അത് നിർമ്മിക്കാൻ വേണ്ട നടപടി സ്വീകരിക്കണം. അതു പറ്റില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണം. ഇതിപ്പോൾ ആനയെ വാങ്ങിച്ചിട്ട് തോട്ടി വാങ്ങാൻ പണമില്ലെന്ന് പറഞ്ഞതു പോലെയുള്ള സാഹചര്യമാണ് അവിടെ നിലനിൽക്കുന്നത്. ഉമ്മൻചാണ്ടിയും പിണറായി വിജയനും രണ്ടു തവണയായി ഉദ്ഘാടനം ചെയ്ത കെട്ടിടം കൂടിയാണിത്. ഇതിങ്ങനെ കിടക്കാൻ ആരോഗ്യവകുപ്പ് മന്ത്രി അനുവദിക്കരുത്. പൊതുമേഖലയിലെ പണം ഉപയോഗിച്ച് നിർമ്മിച്ച ആശുപത്രി കെട്ടിടം ആർക്കും പ്രയോജനമില്ലാതെ നോക്കുകുത്തിയാവുന്നത് സ്വകാര്യ ആശുപത്രികൾക്കു മാത്രമേ സഹായകമായി മാറൂ. പ്രത്യേകിച്ച്,​ പ്രസവ ശസ്ത്രക്രിയയ്ക്കും മറ്റും ലക്ഷങ്ങൾ ചെലവാകുന്ന ഇക്കാലത്ത്.