നിലമ്പൂരില്‍ പാര്‍ട്ടി വോട്ടുകള്‍ അന്‍വറിന് കിട്ടി, നിലപാട് മാറ്റി സിപിഎം; പ്രതികരിച്ച് അന്‍വറും

Friday 27 June 2025 7:47 PM IST

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിലപാട് മാറ്റി സിപിഎം. ഇടത് മുന്നണിയുടെ വോട്ടുകള്‍ പി.വി അന്‍വറിന് ലഭിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ അന്‍വറിന് ലഭിക്കുന്ന പിന്തുണ താത്കാലികം മാത്രമാണെന്നും അത് എല്ലാക്കാലവും നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 മുതലുള്ള ഒമ്പത് വര്‍ഷങ്ങള്‍ നിലമ്പൂരില്‍ ഇടത് സര്‍ക്കാര്‍ വലിയ വികസന പ്രവര്‍ത്തനം നടത്തി, ഇത് സ്വന്തം നേട്ടമായി അവതരിപ്പിക്കാന്‍ അന്‍വറിന് കഴിഞ്ഞുവെന്നും അതാണ് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനെ വഞ്ചിച്ച് പുറത്ത് പോയ അന്‍വര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി കളം മാറുകയായിരുന്നുവെന്നും സിപിഎം തങ്ങളുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിശോധിച്ച് മുന്നോട്ട് പോകും. താന്‍ നടത്തിയ ആര്‍എസ്എസ് പരമാര്‍ശം തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേയോ സ്ഥാനാര്‍ത്ഥിയേയൊ ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

'മുന്‍ തിരഞ്ഞെടുപ്പുകളിലെ നില പരിശോധിച്ചാല്‍ നിലമ്പൂരില്‍ ഇടതുപക്ഷത്തിനു രാഷ്ട്രീയമായ വോട്ട് നാല്‍പതിനായിരത്തിന് അടുത്താണ്. ഇത്തവണ അത് 66,660 ആക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചത് രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. കഴിഞ്ഞ 9 വര്‍ഷം ഇടതുഭരണത്തില്‍ സ്വതന്ത്ര എംഎല്‍എ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നിലമ്പൂരില്‍ നടത്തിയത്. സര്‍ക്കാരിന്റെ ഈ വികസനപ്രവര്‍ത്തനങ്ങള്‍ ആകെ തന്റെ നേട്ടങ്ങളാണെന്നു പ്രചരിപ്പിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറിന് വോട്ട് നേടാന്‍ കഴിഞ്ഞുവെന്നാണ് അറിയുന്നത്. അത് സ്ഥായിയായി നിലനില്‍ക്കുന്നതല്ല. താല്‍ക്കാലിക പിന്തുണ മാത്രമാണത്.'- എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, ഇടത് മുന്നണി വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്ന സിപിഎം തിരിച്ചറിവില്‍ സന്തോഷമുണ്ടെന്ന് പി.വി അന്‍വര്‍ പ്രതികരിച്ചു. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു.