ഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം: 450 കോഴികൾ ചത്തു
തലയോലപ്പറമ്പ് : കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ കോഴിഫാമിലെ 450 ഓളം കോഴികളെ കടിച്ചുകീറി കൊന്നു. ഇന്നലെ പുലർച്ചെ 3.30 ഓടെ മറവൻതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡായ വാഴേകാട് കുരിയാത്തും വേലിൽ കെ.ആർ സുകുമാരന്റെ ഫാമിലായിരുന്നു സംഭവം. ഒരു വശത്തെ തൂണ് തകർത്ത ശേഷം വശങ്ങളിൽ പൊക്കിയിട്ടിരുന്ന മണ്ണ് മാന്തി കുഴിച്ചാണ് അകത്ത് കടന്നത്. പകുതി വളർച്ചയെത്തിയ കോഴികളായിരുന്നു ഭൂരിഭാഗവും. 1000 കോഴികളാണുണ്ടായിരുന്നത്. ബഹളം കേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ തെരുവുനായ്ക്കൾ ഓടിപ്പോയി. ചത്ത കോഴികളെ സമീപത്ത് വലിയ കുഴിയെടുത്ത് മറവ് ചെയ്തു. കഴിഞ്ഞ 20 വർഷമായി ഫാം നടത്തുകയാണ് സുകുമാരനും ഭാര്യയും. 3 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായതായി. പരിക്കേറ്റ കോഴികൾ ചത്ത് വീണുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.