വെസ്റ്റിൻഡിസ് ക്രിക്കറ്റിലെ സൂപ്പർതാരം ലൈംഗികമായി പീഡിപ്പിച്ചു, ആരോപണവുമായി 11 സ്ത്രീകൾ
ഗയാന : വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിലെ സൂപ്പർതാരത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി 11 സ്ത്രീകൾ രംഗത്ത്. താരം ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു,. പരാതിക്കാരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നും റിപ്പോർട്ടുണ്ട്. താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. അതേസമയം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ടീമിലെ അംഗമാണ് താരം എന്നാണ് വിവരം.
ഗയാനയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദിനപ്പത്രമാണ് പരാതിയെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. ഗയാനയിൽ നിന്നുള്ളവരാണ് പരാതി നൽകിയിരിക്കുന്നതും. ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്നും ക്രിക്കറ്റ് വെസ്റ്റിൻഡീസ് അദ്ധ്യക്ഷൻ പ്രതികരിച്ചു.
രണ്ടുവർഷം മുമ്പ് തന്നെ താരത്തിനെതിരെ പരാതി നൽകിയികിരുന്നതായി യുവതികളിൽ ഒരാളുടെ അഭിഭാഷകൻ വ്യക്തമാക്കി. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് തുടർ നടപടികൾ ഉണ്ടായില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.