ലഹരിക്കേസുകൾ കുറയുന്നില്ല, ഇരകൾ ഏറെയും വിദ്യാർത്ഥികൾ

Saturday 28 June 2025 12:27 AM IST

കോഴിക്കോട്: ലഹരിക്കെതിരെ സർക്കാരും സന്നദ്ധ സംഘടനകളും ബോധവത്കരണം ശക്തമാക്കിയിട്ടും കുറവില്ലാതെ ലഹരി കേസുകൾ. രാസലഹരിക്കൊപ്പം പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഏറുകയാണ്. അദ്ധ്യയന വർഷം തുടങ്ങിയതോടെ ലഹരി മാഫിയ വിദ്യാർത്ഥികളെയും ഉന്നംവെച്ചിരിക്കുകയാണ്. ലഹരി വിരുദ്ധ ദിനത്തിൽ പോലും രണ്ട് യുവാക്കൾ കോഴിക്കോട്ട് പിടിയിലായി. നൂറോളം എൽ.എസ്.ഡി സ്റ്റാമ്പുകളും ഹാഷിഷ് ഓയിലുമായാണ് രണ്ട് ബിരുദ വിദ്യാർത്ഥികൾ അറസ്റ്റിലായത്. കോട്ടയം സ്വദേശിയും ആലപ്പുഴ അരൂരിൽ താമസക്കാരനുമായ മിഥുൻരാജ് (22), ആലപ്പുഴ സ്വദേശി അരൂർ വാതേടത്ത് ഹൗസിൽ അഭിഷേക് (21) എന്നിവരെയാണ് എക്സെെസ് പിടികൂടിയത്. മിഥുൻരാജ് ബി.സി.എ സൈബർ സെക്യൂരിറ്റി കോഴ്സ് വിദ്യാർത്ഥിയും അഭിഷേക് ബി.എസ്.സി ഇൻഫർമേഷൻ ടെക്നോളജി വിദ്യാർത്ഥിയുമാണ്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഉപയോഗം നടക്കുന്നുണ്ട്. സമീപകാലത്തെ ലഹരി വിരുദ്ധ കേസുകളിൽ അധികവും ഉൾപ്പെടുന്നത് വിദ്യാർത്ഥികളും യുവാക്കളുമാണ്. കൗതുകത്തിനാണ് ഉപയോഗം തുടങ്ങുക. പിന്നീട് ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം കണ്ടെത്താൻ ലഹരി കച്ചവടത്തിലേക്ക് തിരിയുന്നു. ലഹരിക്ക് അടിമയാകുന്നതോടെ മറ്റ് കുറ്റകൃത്യങ്ങളിലും പെടുന്നു.

പുകയില ഉത്പന്നങ്ങൾ: കോഴിക്കോട്ടെ കേസുകൾ

(വർഷം, എണ്ണം, പിടിച്ച അളവ്)

2021..... 2794..... 1664.6

2022..... 2865..... 820.7

2023..... 2437..... 361

2024..... 3514..... 534.6

2025.....1732..... 318.5

(മേയ് വരെ )

മയക്കു മരുന്ന് കേസുകൾ

2022- 2024.... 85,334

2016....5,924

രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണതിലുടെയും ബോധവത്കരണങ്ങളിലൂടെയും മാത്രമേ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കാനാകൂ. ഇത്തരം കേസുകളിൽ ലഹരി വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താനുള്ള തുടർ നടപടി സ്വീകരിക്കും.

-കെ.എ. ബോസ് അസി. കമ്മിഷണർ, നാർക്കോട്ടിക് സെൽ, കോഴിക്കോട് സിറ്റി.