കനാലിലെ ഗർത്തത്തിൽ നിന്ന് നീരൊഴുക്ക് തിരിച്ചുവിട്ടു: വിദഗ്ധസംഘം ബാരാപോളിലേക്ക്

Friday 27 June 2025 10:11 PM IST

ഇരിട്ടി :ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ കണ്ടെത്തിയ ഗർത്തത്തിലേക്കുള്ള നീരൊഴുക്കിനെ മണൽചാക്കുകൾ വച്ച് തിരിച്ചുവിട്ട് താൽക്കാലിക പരിഹാരം കണ്ടെത്തി അധികൃതർ.അപകസാദ്ധ്യത ഒഴിവാക്കാൻ മണൽ ചാക്ക് അട്ടിയിട്ട് വെള്ളം തിരിച്ചു വിട്ടതിന് പിന്നാലെ ഇന്നലെത്തന്നെ കെ.എസ്.ഇ.ബി ഡയറക്ടർ , പ്രൊജക്ട് ചീഫ് എൻജിനീയർ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചതായും അധികൃതർ അറിയിച്ചു . ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച വിദഗ്ധസംഘം ബാരാപോൾ സന്ദർശിക്കും.

ബാരാപോളിന്റെ കനാലിന്റെ താഴ്ഭാഗത്തുനിന്നും മാറ്റി പാർപ്പിച്ച നാലു കുടുംബങ്ങളുടെ വീട്ടിലേക്ക് വെള്ളം പ്രവേശിക്കാതിരിക്കാൻ കരിങ്കൽഭിത്തി നിർമ്മിക്കുമെന്നും കെ.എസ്.ഇ.ബി വൃത്തങ്ങൾ ഉറപ്പ് നൽകി. കൂടാതെ കുടുംബങ്ങൾക്ക് സ്റ്റീൽ കൊണ്ടുള്ള നടപ്പാലവും ഒരാഴ്ചക്കുള്ളിൽ നിർമ്മിച്ചുനൽകും . കരിങ്കൽഭിത്തിയുടെ നിർമ്മാണം ഇന്നുതന്നെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.കനാലിന്റെ ചോർച്ച പരിഹരിച്ചാൽ മാത്രമേ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ കഴിയുകയുള്ളു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വൈദ്യുതോത്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം കാനാലിൽ നിന്ന് പുഴയിലേക്ക് പോകാതിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ഗർത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

ഗർത്തം കണ്ടെത്തിയ സ്ഥലവും അപകടാവസ്ഥയിലായ കനാലും സമീപത്തെ വീടുകളും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലും മറ്റ് ജനപ്രതിനിധികളും ഇന്നലെ സന്ദർശിച്ചു.

നഷ്ടം 25 കോടി ബാരാപോൾ പദ്ധതി പ്രവർത്തിക്കാതിരുന്നാൽ കെ.എസ്.ഇ.ബിക്ക് 25 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. വെള്ളം കൂടുതൽ ലഭിക്കുന്ന ജൂൺ മാസത്തിലാണ് ഗണ്യമായ ഉത്പാദനം നടന്നുവരുന്നത്. പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലക്ഷ്യമിടുന്ന പദ്ധതിയിൽ കഴിഞ്ഞ വർഷം 43.98 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്നു.ഈ വർഷം പതിവിൽ നിന്ന് വ്യത്യസ്തമായി നേരത്തെ മഴ ലഭിച്ചതിനാൽ 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നായിരുന്നു ബോർഡിന്റെ കണക്കുകൂട്ടൽ.എന്നാൽ ഉത്പാദനം നിർത്തിവച്ച സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് ബോർഡ് നേരിടുന്നത്. ഏകദേശം 25 കോടിയോളം രൂപയുടെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

അധികൃതരുടെ അനാസ്ഥയെന്ന് പഞ്ചായത്ത്

ബാരാപോൾ കനാലിൽ ഗർത്തം രൂപപ്പെട്ട് ഉത്പാദനം നിർത്താനുണ്ടായ സാഹചര്യം കെ.എസ്.ഇ.ബിയുടെ അനാസ്ഥ കൊണ്ടാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ കുറ്റപ്പെടുത്തി . കനാലിന്റെ ബലക്ഷയം ചൂണ്ടിക്കാണിച്ച് പഞ്ചായത്തും ജനങ്ങളും പലതവണ ഉത്പാദനം തടഞ്ഞിരുന്നു. ഒരു വർഷം 25 കോടി രൂപ വരുമാനം ലഭിക്കുന്ന പദ്ധതി നിർത്തിവെയ്‌ക്കേണ്ടി വന്നത് അധികൃതരുടെ വീഴ്ച്ചയാണ്. കനാലിന്റെ സുരക്ഷ പഞ്ചായത്തിനും ജങ്ങൾക്കും ബോധ്യപ്പെട്ടാൽ മാത്രമേ ഉത്പാദനം ആരംഭിക്കാൻ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി , പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി , ബിജോയി പ്ലാത്തോട്ടം , സെലീന ബിനോയി , എൽസമ്മ ജോസഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.