വൈശാഖ മഹോത്സവം ; പെരുമാൾക്ക് പുണർതം ചതുശ്ശതം പായസം
സ്ത്രീകൾക്ക് പ്രവേശനം ജൂൺ 30 വരെ
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് പായസ നിവേദ്യത്തിൽ രണ്ടാമത്തെ വലിയ വട്ടളം പായസ നിവേദ്യമായ പുണർതം ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. അരി, ശർക്കര, നെയ്യ്, നാളികേരം, ജലം എന്നിവ ചേർത്താണ് പായസം തയ്യാറാക്കുന്നത്. തിടപ്പള്ളിയിൽ തയ്യാറാക്കിയ പായസം വട്ടളത്തോടെ ശ്രീകോവിലിനുള്ളിലാണ് നിവേദിച്ചത്.ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമായിരുന്നു പായസ നിവേദ്യം നടത്തിയത്. കോട്ടയം കിഴക്കേ കോവിലകം വകയായിരുന്നു പുണർതം ചതുശ്ശതം പായസ നിവേദ്യം. ഇന്ന് മൂന്നാമത്തെ വലിയ വട്ടളം പായസ നിവേദ്യം ആയില്യം ചതുശ്ശതം പെരുമാൾക്ക് നിവേദിക്കും. പൊൻമലേരി കോറോം തറവാടിൻ്റെ വകയാണ് ആയില്യം ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യം. ജൂൺ 30 നാണ് മകം നാൾ കലം വരവ്. അന്ന് ഉച്ചവരെ മാത്രമാണ് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനമുള്ളത്. ഉച്ചശീവേലി കഴിയുന്നതോടെ ആനകളും അലങ്കാര വാദ്യങ്ങളും സന്നിധാനം വിടും.ജൂലായ് നാലിന് തൃക്കലശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.
അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തരും
വൈശാഖ മഹോത്സവം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കൊട്ടിയൂരിലേക്ക് ഭക്തജനങ്ങൾ പ്രവാഹിക്കുകയാണ്. നേരത്തെ കേരളത്തിലെ ഭക്തജനങ്ങൾ മാത്രം ദർശനത്തിനെത്തിയിരുന്ന കൊട്ടിയൂരിൽ ഇത്തവണ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു പോലും തീർത്ഥാടകർ പെരുമാളിനെ തൊഴാനായി കൊട്ടിയൂരിലേക്ക് ഒഴുകിയെത്തുകയാണ്.